സെര്‍വര്‍ തകരാര്‍: ഭൂമി രജിസ്ട്രേഷന്‍ മുടങ്ങിയിട്ട് മൂന്നു ദിവസം

തിരുവനന്തപുരം: വെബ്‌സൈറ്റ് തകരാര്‍ മൂലം സംസ്ഥാനത്ത് ഭൂമി രജിസ്ട്രേഷന്‍ മുടങ്ങി. ആധാരത്തിന്റെ പകര്‍പ്പ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് വിതരണവും മുടങ്ങി. മൂന്ന് ദിവസമായി തുടരുന്ന തകരാറിന്റെ കാരണം രജിസ്ട്രേഷന്‍ വകുപ്പിന് ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഭൂമി രജിസ്ട്രേഷന് ബദല്‍ സംവിധാനമില്ലാതെ ജനം വലയുകയാണ്. മൂന്ന് ദിവസമായി വെബ്‌സൈറ്റിൽ യാതൊരു ഇടപാടുകളും നടക്കുന്നില്ല. ഇതുമൂലം വലയുന്നത് സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി കാത്തിരിക്കുന്നവരാണ്. രജിസ്‌ട്രേഷന്‍ മുടങ്ങിയതോടെ സ്റ്റാമ്പ്, രജിസ്‌ട്രേഷന്‍ ഫീസ് ഇനത്തില്‍ ലക്ഷങ്ങളുടെ വരുമാനമാണ് സര്‍ക്കാരിന് നഷ്ടമായത്.

ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രജിസ്‌ട്രേഷന്‍ വകുപ്പ് ഒരു സെര്‍വറില്‍ രണ്ട് ഐഡിയാണ് തയാറാക്കിയിട്ടുള്ളത്. പേള്‍ ഒന്ന് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പേള്‍ രണ്ട് സ്വകാര്യ വ്യക്തികള്‍ക്കും ഉപയോഗിക്കാം. ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ എഴുത്തുകാര്‍ പേള്‍ രണ്ടില്‍ അപ്ലോഡ് ചെയ്യണം.

തുടര്‍ന്ന് ലഭിക്കുന്ന ടോക്കണ്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഹാജരാക്കി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. അപ്ലോഡ് ചെയ്യുമ്പോള്‍ ഏതെങ്കിലും ഒരു ഐ.ഡി തകരാറിലായാല്‍ വീണ്ടും ആദ്യംമുതല്‍ അപ്ലോഡ് ചെയ്യണം. രണ്ട് ഐ.ഡിയും കിട്ടിയാല്‍ പണം ഒടുക്കുന്നതിനുള്ള ട്രഷറിയുടെ സൈറ്റ് ലഭിച്ചില്ലെങ്കില്‍ നടപടികള്‍ ആദ്യം മുതല്‍ വീണ്ടും തുടങ്ങണം.

Related Articles

Back to top button