സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പനി പിടിച്ച് ഗുരുതരാവസ്ഥയില്‍ ആയിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹോദരി കിം യോ ജോങ്.
പുറം ലോകം അറിഞ്ഞില്ലെങ്കിലും രാജ്യത്ത് കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച സമയത്താണ് കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമായത്. ഇതാദ്യമായാണ് ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ ആരോഗ്യാവസ്ഥയെ പറ്റി ഔദ്യോഗികമായി ഒരു സ്ഥിരീകരണമുണ്ടാകുന്നത്.
ദക്ഷിണ കൊറിയയ്ക്ക് എതിരെയും ജോങ് രൂക്ഷ വിമര്‍ശനം നടത്തി. ഉത്തര കൊറിയയില്‍ കോവിഡ് പകരുകയാണെന്ന തരത്തില്‍ ദക്ഷിണ കൊറിയ ലഘുലേഖകള്‍ വിതരണം ചെയ്യുകയാണെന്നും ഇത് തുടര്‍ന്നാല്‍ വെറുതേയിരിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ദക്ഷിണ കൊറിയ, ഉത്തര കൊറിയയില്‍ കോവിഡ് പകരുകയാണെന്ന ലഘുലേഖകള്‍ ബലൂണുകളില്‍ പറത്തി വിടുകയാണെന്നും ജോങ് ആരോപിച്ചു.
കിം ജോങ് ഉന്നിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ നേരത്തേ വാര്‍ത്തകള്‍ നല്‍കിയിരുന്നു. കോവിഡ് കാലത്ത് കിം പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്നത് വിരളമായിരുന്നു.
നാളുകള്‍ക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കിം ക്ഷീണിതനാണെന്നും ആരോഗ്യം മോശമാണെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.