മുംബൈ: സ്‌മാർട്ട് ഫോൺ ഉപയോക്താക്കൾ ഒരു ദിവസം നാലോ അഞ്ചോ മണിക്കൂർ ആപ്പുകൾ ബ്രൗസു ചെയ്യാൻ ചെലവഴിക്കുന്നതായി റിപ്പോർട്ടുകൾ.
ആപ്പുകൾക്കായി ചെലവഴിക്കുന്ന ദൈനംദിന സമയം രാജ്യത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നുണ്ടെങ്കിലും ഇപ്പോൾ 13 വിപണികളിലെ ഉപയോക്താക്കൾ പ്രതിദിനം നാല് മണിക്കൂറിലധികം ആപ്പുകൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ഇന്തോനേഷ്യ, സിംഗപ്പൂർ, ബ്രസീൽ, മെക്സിക്കോ, ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, റഷ്യ, തുർക്കി, യുഎസ്, യുകെ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇന്തോനേഷ്യ, സിംഗപ്പൂർ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ ഉള്ളവർ ദിവസവും അഞ്ച് മണിക്കൂറിലധികം ആപ്പുകൾക്കായി ചെലവഴിക്കുന്നുന്നുണ്ട്.
വർക്ക് ഫ്രം ഹോമും ഓൺലൈൻ ഷോപ്പിങ്ങും നെറ്റ് ബാങ്കിങ്, ഗെയിം തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആപ്ലിക്കേഷൻ ഉപയോഗം കുതിച്ചുയരാൻ ലോക്ക്ഡൗൺ കാരണമായി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കൂടാതെ മീറ്റിംഗുകൾ, സ്കൂൾ ഇവന്റുകൾ എന്നിവയ്ക്കും ഓൺലൈൻ ക്‌ളാസുകൾ ഫോൺ ഉപയോഗം വർദ്ധിപ്പിച്ചു.
ഡൗൺലോഡുകളിൽ ടിക്ടോക്കും ഇൻസ്റ്റഗ്രാമും ഫേസ്‌ബുക്കും വാട്സാപ്പും ഗെയിമിങ് അപ്പുകളുമെല്ലാം മുന്നിലുണ്ട്. റിപ്പോർട്ടനുസരിച്ച് ഇന്ത്യൻ സ്‌മാർട് ഫോൺ ഉപയോക്താക്കൾ ഈ വർഷം ജൂണിൽ പ്രതിദിനം ശരാശരി നാല് മണിക്കൂറിലധികം ആപ്പുകളിൽ മാത്രമായി സമയം ചെലവഴിച്ചിട്ടുണ്ട്.
ഇന്ത്യയിൽ സ്മാർട്ട് ഫോൺ ഉടമകൾ 2021 ൽ പ്രതിദിനം ശരാശരി 4.7 മണിക്കൂറോളം സമയമാണ് ആപ്പുകളിൽ ചെലവിട്ടത്.