കൊച്ചി: വിവിധ വകുപ്പുകള്‍ മുഖേന കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് ധനസഹായം പൂര്‍ണ്ണമായും കൈപ്പറ്റി കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തവരും നിര്‍ദ്ദിഷ്ട രീതിയിലുള്ള മേല്‍ക്കൂര നിര്‍മ്മിക്കാത്തതു മൂലം അവസാന ഗഡു കൈപ്പറ്റാത്തവരും സ്വന്തം നിലയില്‍ വീട് നിര്‍മ്മാണം ആരംഭിച്ചിട്ട് പണി പൂര്‍ത്തിയാക്കാത്തവരുമായ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പരമാവധി ഒന്നര ലക്ഷം രൂപ വരെ പ്രത്യേക ധനസഹായം അനുവദിക്കുന്നതിലേയ്ക്കായി പദ്ധതിക്കായി ഗുണഭോക്ത്യ ലിസ്റ്റ് നിലവിലില്ലാത്ത പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷനുകളിലേയ്ക്കാണ് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.
ധനസഹായത്തിന് അര്‍ഹരായവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം അപേക്ഷകന്റെ ജാതി, വരുമാനം, ഭൂമിയുടെ കൈവശാവകാശം അല്ലെങ്കില്‍ വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതാണ്.
കൂടാതെ വകുപ്പ്/ഏജന്‍സികളില്‍ നിന്നും ധനസഹായം പൂര്‍ണ്ണമായും കൈപ്പറ്റിയിട്ടുള്ളവര്‍ അവസാന ഗഡു കൈപ്പറ്റിയ തീയതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ്/ഏജന്‍സിയില്‍ നിന്നുള്ള സാക്ഷ്യപത്രവും നിശ്ചിത മാതൃകയിലുള്ള മേല്‍ക്കൂര നിര്‍മ്മിക്കാത്തതിനാല്‍ അവസാന ഗഡു ധനസഹായം കൈപ്പറ്റാത്തവര്‍ ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സി/വകുപ്പില്‍ നിന്നുള്ള സാക്ഷ്യപത്രവും സ്വന്തമായി വീട് നിര്‍മ്മിച്ചു പൂര്‍ത്തീകരിക്കാത്തവര്‍ വീടിന്റെ കാലപ്പഴക്കം സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി/എന്‍ജിനീയര്‍ നല്‍കുന്ന സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്.
ഭവന പൂര്‍ത്തീകരണത്തിന് ആവശ്യമായ പ്രവര്‍ത്തികള്‍ സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ എന്‍ജിനീയര്‍/ഓവര്‍സിയര്‍ അല്ലെങ്കില്‍ അംഗീകൃത ബില്‍ഡിംഗ് സൂപ്പര്‍വൈസര്‍ തയ്യാറാക്കിയ വിശദമായ എസ്റ്റിമേറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം.
ചെയ്യുവാനുദ്ദേശിക്കുന്ന പ്രവൃത്തികളിലെ ഓരോ ഇനത്തിനും വേണ്ടി വരുന്ന തുക വ്യക്തമാക്കുന്ന എസ്റ്റിമേറ്റ് റിപ്പോർട്ട് എസ്റ്റിമേറ്റിനൊപ്പം ഹാജരാക്കേണ്ടതാണ്.
നിശ്ചിത മാതൃകയിലുള്ള മേല്‍ക്കൂര നിര്‍മ്മിക്കാത്തവര്‍ അപ്രകാരമുള്ള മേല്‍ക്കൂരയ്ക്കുള്ള തുക വകയിരുത്തിയ ശേഷം മാത്രമേ മറ്റ് പ്രവര്‍ത്തികള്‍ക്കു തുക എസ്റ്റിമേറ്റില്‍ ഉള്‍ക്കൊള്ളിക്കാവൂ.
ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവര്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.
കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃകയും ബ്ലോക്ക്/മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന വകുപ്പ് ഓഫീസുകളില്‍ ലഭിക്കും.
ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍മാര്‍ക്ക് നവംബര്‍ 20ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.