ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം; മറ്റു രാജ്യങ്ങളേയും ബാധിച്ചേക്കാമെന്നു മുന്നറിയിപ്പ്

ബെയ്ജിങ്: ആശങ്കയുയര്‍ത്തി ചൈനയില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം. ആശുപത്രികള്‍ നിറഞ്ഞു കവിയുകയാണ്. അതിവേഗം പടരുന്ന ഒമിക്രോണ്‍ വകഭേദം നഗര പ്രദേശങ്ങളില്‍ പിടിമുറുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ചൈനയിലെ 60 ശതമാനത്തിലധികം പേരും ലോക ജനസംഖ്യയുടെ 10 ശതമാനവും അടുത്ത 90 ദിവസത്തിനുള്ളില്‍ രോഗ ബാധിതരാകാനും ദശലക്ഷക്കണക്കിന് ആളുകള്‍ മരിക്കാനും സാധ്യതയുണ്ടെന്ന് പ്രശസ്ത എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ എറിക് ഫീഗല്‍ ഡിങ് വ്യക്തമാക്കി.

കോവിഡ് രോഗം ബാധിച്ച് മരിക്കുന്നവരെ സംസ്‌കരിക്കുന്ന ബെയ്ജിങിലെ ശമ്ശാനം 24 മണിക്കൂറും മൃതദേഹങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു.

ചൈനയിലെ സാഹചര്യം ഗൗരവമായി കണക്കിലെടുക്കണമെന്നും വൈറസിന്റെ വ്യാപനം പുതിയ വകഭേദങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുമെന്നും അവ മറ്റ് രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഭീഷണിയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് നെഡ് പ്രൈസ് മുന്നറിയിപ്പ് നല്‍കി.

പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ നേതൃത്വത്തില്‍ ബെയ്ജിങിലേക്ക് വിദഗ്ധ സംഘത്തെ അയക്കാനിരിക്കെയാണ് അമേരിക്കയുടെ പ്രതികരണം.

ചൈനയില്‍ രോഗബാധയിലുണ്ടാവുന്ന ക്രമാതീതമായ വര്‍ധന ആഗോള സാമ്പത്തിക മേഖലയേയും മോശമായി ബാധിച്ചേക്കാമെന്നും അമേരിക്ക കരുതുന്നു.

സീറോ കോവിഡ് നയത്തിനെതിരെ കടുത്ത പ്രതിഷേധമുണ്ടായതിന് പിന്നാലെ ചൈനയില്‍ രോഗബാധ വലിയ തോതില്‍ ഉയര്‍ന്നിരുന്നു.

പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചു എന്ന തോന്നലുണ്ടാക്കാന്‍ ചൈന കോവിഡ് കണക്കുകള്‍ മറച്ചു വെക്കുന്നുവെന്നും സംശയമുണ്ട്.

നവംബര്‍ 19 നും 23 നും ഇടയില്‍ നാല് മരണങ്ങള്‍ ഉണ്ടായെന്ന് അറിയിച്ച് ശേഷം ബെയ്ജിങില്‍ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ നിറയുകയാണ്.

പുലര്‍ച്ചെയും അര്‍ധരാത്രിയിലും എല്ലാം ഇവിടെ സംസ്‌കാരങ്ങള്‍ നടത്തുന്നുണ്ട്. സാധാരണ 30 മുതല്‍ 40 വരെ മൃതദേഹങ്ങള്‍ എത്തിക്കൊണ്ടിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 200 മൃതദേഹങ്ങള്‍ വരെയാണ് എത്തുന്നതെന്നാണ് വിവരം.

ശമ്ശാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയിലും വൈറസ് അതിവേഗം പടരുകയാണ്.

Exit mobile version