ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

മുംബൈ: പ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു മരണം. പുതിയതായി തുടങ്ങിയ അകാസ വിമാനക്കമ്പനിയുടെ ഉടമ കൂടിയാണ് അദേഹം.

സുഖമില്ലാതായതിനെ തുടര്‍ന്ന് ഇന്നു രാവിലെ 6.45 നാണ് രാകേഷ് ജുന്‍ജുന്‍വാലയെ മുംബൈയിലെ കാന്‍ഡി ബ്രീച്ച് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വൃക്ക സംബന്ധമായ രോഗത്തിനുള്‍പ്പെടെ അദ്ദേഹം ചികിത്സയിലായിരുന്നു. അടുത്തിടെ ആശുപത്രിയില്‍ അഡ്മിറ്റായിരുന്ന അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തിട്ട് അധികമായിരുന്നില്ല.

കടംവാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തിലിറങ്ങി ഷെയര്‍ മാര്‍ക്കറ്റ് രാജാവായി മാറിയ ആളാണ് രാകേഷ് ജുന്‍ജുന്‍വാല. ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

മുംബൈയിലെ മാര്‍വാഡി കുടുംബത്തിലാണു രാകേഷിന്റെ ജനനം. പിതാവ് ബോംബെയിലെ ഇന്‍കം ടാക്സ് ഓഫീസില്‍ കമ്മീഷണറായിരുന്നു. സൈധനം കോളജ് ഓഫ് കോമേഴ്സ് ആന്റ് എക്കണോമിക്സ് മുംബൈയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ ഉപരിപഠനത്തിനു ചേര്‍ന്നു.

ഫോര്‍ബ്‌സ് മാസികയുടെ പട്ടികയില്‍ ഇന്ത്യയിലെ 48-ാമത്തെ സമ്പന്നനാണ് ജുന്‍ജുന്‍വാല. ആപ്ടെക് ലിമിറ്റഡിന്റെയും ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ചെയര്‍മാനായിരുന്നു.

ജുന്‍ജുന്‍വാലയ്ക്ക് ഇന്ന് കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 25,000 കോടി വരും. ആസ്തി 41,000 കോടിക്ക് മേലെയും.

ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി

അജയ്യനായിരുന്നു ജുന്‍ജുന്‍വാലയെന്ന് മോഡി അനുശോചന സന്ദേശത്തില്‍ കുറിച്ചു. ഇന്ത്യന്‍ വ്യവസായ രംഗത്ത് ഒരിക്കലും മായാത്ത സംഭാവനകള്‍ നല്‍കിയാണ് അദ്ദേഹം മടങ്ങുന്നത്. ഇന്ത്യയുടെ വളര്‍ച്ചയെക്കുറിച്ച് ആവേശഭരിതനായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ മരണം വേദനിപ്പിക്കുന്നതാണ്. ജുന്‍ജുന്‍വാലയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നുവെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button