പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ ലോഗോയും സമാന്തര പേരും, നിറവും ഉപയോഗിച്ച് ജില്ലയില്‍ നിരവധി സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പൊതുജനങ്ങളെ അക്ഷയകേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ അറിയിച്ചു.
ഇത്തരം കേന്ദ്രങ്ങളിലൂടെ പൗരന്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും ദുരുപയോഗം ചെയ്യുന്നതായുള്ള പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നിലവിലുണ്ട്. ഇത്തരം പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും നിലവിലുണ്ട്.
സമാന്തര ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നല്‍കേണ്ട സേവനങ്ങള്‍ ലഭ്യമാക്കുന്നില്ലെന്ന് ജില്ലാതല ഉദ്യോഗസ്ഥരും, വകുപ്പ് മേധാവികളും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഉറപ്പു വരുത്തേണ്ടതാണ്.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള സേവനങ്ങള്‍ ഓണ്‍ലൈനായി നല്‍കുന്നതിനുള്ള അംഗീകൃത കേന്ദ്രങ്ങള്‍ അക്ഷയ കേന്ദ്രങ്ങളായിരിക്കെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഇത്തരം സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളിലെത്തി പൊതുജനങ്ങള്‍ വഞ്ചിതരാകാന്‍ പാടില്ല.
ഇത്തരം ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ഇ-ജില്ലാ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതായും അമിത ഫീസ് ഈടാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
പുതിയ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കിയ ലൈസന്‍സില്‍ പരാമര്‍ശിച്ച സേവനങ്ങള്‍ മാത്രമാണോ നല്‍കുന്നത് എന്ന് പരിശോധിക്കേണ്ടതാണ്.
ലൈസന്‍സ് നല്‍കുമ്പോള്‍ അക്ഷയയ്ക്ക് സമാനമായ പേര്, കളര്‍കോഡ്, ലോഗോ എന്നിവ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പു വരുത്തേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ഫീസ് നിരക്ക് നിശ്ചയിച്ചിട്ടുള്ളതും, ഇത് നിരീക്ഷിക്കുന്നതിന് സംവിധാനം ഉള്ളതുമാണ്. അമിത ഫീസ് ഈടാക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
എന്നാല്‍, നിയമത്തിന്റെ പരിധിയില്‍ അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ നിരീക്ഷണ, നിയന്ത്രണ സംവിധാനം നിലവിലില്ല. ഈ സാഹചര്യത്തില്‍ പൗരന്‍മാരുടെ വിലപ്പെട്ട രേഖകളുടെ സുരക്ഷിതത്വം, പ്രവര്‍ത്തന നിരീക്ഷണത്തിന് വിവിധ തലങ്ങളിലുള്ള സംവിധാനങ്ങള്‍, സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സര്‍വീസ് ചാര്‍ജ് എന്നിവ കണക്കിലെടുത്ത് സര്‍ക്കാരിന്റെ വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.
അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാനമായ ബോര്‍ഡുകള്‍ / ലോഗോ എന്നിവ ഉപയോഗിച്ച് പൊതുജനങ്ങളെ അക്ഷയ കേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സേവനങ്ങള്‍ നല്‍കുകയോ അക്ഷയ കേന്ദ്രങ്ങളുടെ ലോഗിന്‍ ദുരുപയോഗപ്പെടുത്തി ഇ-ജില്ല ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കുകയോ ചെയ്യുന്നതായി കണ്ടെത്തിയാല്‍ നിയമപരമായ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ലഭ്യമാക്കിയിട്ടുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള സെന്ററുകള്‍ അക്ഷയകേന്ദ്രങ്ങള്‍ മാത്രമായിരിക്കും എന്നിരിക്കെ അംഗീകാരമുണ്ട് എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ ഇ ഡിസ്ട്രിക് സേവനങ്ങള്‍ ഉള്‍പ്പെടെ വാണിജ്യാടിസ്ഥാനത്തില്‍ നല്‍കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ഇതുമായി ബന്ധപ്പെട്ട് തഹസില്‍ദാര്‍മാര്‍ ഇത്തരം ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.