ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റിന് കർശന നിരോധനം

എറണാകുളം: ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ലാബറട്ടറികളിൽ കോവിഡ് ആന്റിജന്‍ ടെസ്റ്റിന് കർശന നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് ഉത്തരവായി.

90% പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ച സാഹചര്യത്തില്‍, മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിനു ശേഷമാണ് ലാബുകളില്‍ ആന്റിജന്‍ ടെസ്റ്റ് നിര്‍ത്താന്‍ തീരുമാനമായത്. അടിയന്തര സാഹചര്യത്തില്‍ ഡോക്ടമാര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ഇനി മുതല്‍ ആന്റിജന്‍ ടെസ്റ്റ് അനുവദിക്കൂ.

സ്വകാര്യ ലാബുകള്‍ ഒരു കാരണവശാലും ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ പാടില്ല.

സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ ലാബിന്റെ ശേഷി അനുസരിച്ച് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താം. സാംപിള്‍ കളക്ഷനു ശേഷം 12 മണിക്കൂറിനകം പരിശോധനാ ഫലം നല്‍കണം. എല്ലാ പരിശോധനാ ഫലങ്ങളും ലാബ് ഡയഗ്നോസിസ് മാനേജ്‌മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ അതേ ദിവസം തന്നെ അപ്‌ലോഡ് ചെയ്യണം. അപൂര്‍ണ്ണവും വ്യക്തവുമല്ലാത്ത വിവരങ്ങള്‍ നല്‍കരുത്.

സര്‍ക്കാര്‍/സ്വകാര്യ ആശുപത്രികളില്‍ അടിയന്തര സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമേ ആന്റിജന്‍ ടെസ്റ്റ് നടത്താവൂ. ആശുപത്രിയില്‍ പ്രവേശിക്കുന്നതിനു മുന്നോടിയായോ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കോ ആന്റിജന്‍ ടെസ്റ്റ് നടത്തരുത്.

ആവശ്യമെങ്കില്‍ കൂട്ടിരിപ്പുകാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി ആറു മണിക്കൂറിനകം ഫലം ലഭ്യമാക്കണം. മറ്റു സാഹചര്യങ്ങളില്‍ സാംപിള്‍ ശേഖരിച്ച് 12 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ലഭ്യമാക്കുകയും പരിശോധനാ ഫലങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും വേണം.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ ആരോഗ്യ വിഭാഗം ലാബുകളിലെയും ആശുപത്രികളിലെയും ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന പതിവായി നടത്തുന്നതായിരിക്കും. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.

എല്ലാ ലാബുകളും മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്നും ഫലങ്ങള്‍ അപ് ലോഡ് ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കും. കോവിഡ് പരിശോധനാ ഫലങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്ന ലാബുകളുടെ ലൈസന്‍സ് റദ്ദാക്കും.

തങ്ങളുടെ ശേഷിയേക്കാള്‍ അധികമായി പരിശോധനകള്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കണം. പരിശോധന സംബന്ധിച്ച് റിപ്പോര്‍ട്ട് എല്ലാ ദിവസവും കളക്ടര്‍ക്ക് സമര്‍പ്പിക്കണം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

Exit mobile version