കോവിഡ് ബാധിതരില്‍ മന്ദത വ്യാപകമാകുന്നതായി പഠനം

സിഡ്‌നി: കോവിഡ് ബാധിച്ചവരില്‍ ബ്രെയിന്‍ ഫോഗ് (മസ്തിഷ്‌ക മൂടല്‍) അഥവ മന്ദത വ്യാപകമാകുന്നതായി പഠനം.

അമേരിക്കയിലും ഓസ്‌ട്രേലിയയിലുമായി കോവിഡ് ബാധിച്ച 1.28 ദശലക്ഷം ആളുകളില്‍ നടത്തിയ പഠനത്തില്‍ വൈറസ് പിടികൂടി രണ്ട് വര്‍ഷത്തിന് ശേഷം മസ്തിഷ്‌ക മൂടല്‍, ഡിമെന്‍ഷ്യ, അപസ്മാരം എന്നിവ സാധരണയില്‍ കൂടുതലായി കണ്ടുവരുന്നതായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം നടത്തിയ പഠനം പറയുന്നു.

ഇത് രക്തധമനികളുടെ ക്രമരഹിതമായ സ്ഥാനചലനങ്ങള്‍ക്ക് ഇടയാക്കിയേക്കാമെന്നും ചിലപ്പോള്‍ വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്നും പഠനത്തില്‍ പറയുന്നു.

മസ്തിഷ്‌ക മൂടല്‍ ഒരു മെഡിക്കല്‍ പദമല്ലെങ്കിലും ചിന്താശേഷിയെ ബാധിക്കുന്ന ലക്ഷണമായി ഇതിനെ കാണാറുണ്ട്. തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളില്‍ സാധാരണയായി കാണാറുള്ള ലക്ഷണങ്ങളിലൊന്നാണിതെന്ന് സിഡ്നി സെന്റ് വിന്‍സെന്റ് ഹോസ്പിറ്റലിലെ റെസ്പിറേറ്ററി ഫിസിഷ്യന്‍ ആന്റണി ബൈര്‍ണ്‍ പറയുന്നു.

കോവിഡിന് ശേഷം ജോലിയിലും പഠനത്തിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുന്നത് ഇതിന്റെ ലക്ഷണം കൊണ്ടാവാം. ഇത്തരം രോഗാവസ്ഥയില്‍ വരുന്ന നിരവധി രോഗികളെ ദിവസവും പരിശോധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വകഭേദങ്ങളായ ആല്‍ഫ, ഡെല്‍റ്റ വേരിയന്റുകളിലും ഒമിക്രോണ്‍ വേരിയന്റുകളിലും ബ്രെയിന്‍ ഫോഗ് കണ്ടെത്തിയിട്ടുണ്ട്.

അല്‍ഫ വകഭേദത്തെ അപേക്ഷിച്ച് ഡെല്‍റ്റ വേരിയന്റ് ബാധിതരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്.

ഓക്രോണ്‍ ബാധിതരിലും മന്ദത കൂടുതല്‍ കാണാറുണ്ടെന്ന് പഠനം പറയുന്നു. എന്നാല്‍ കുട്ടികളെ ഇത് സാരമായി ബാധിക്കുന്നില്ല. ബാധിച്ചാല്‍ തന്നെ വേഗത്തില്‍ മുക്തിപ്രാപിക്കുന്നതിനുള്ള ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്.

മസ്തിഷ്‌ക മൂടല്‍ലിന്റെ സംശയം തോന്നിയാല്‍ ഡോക്ടറെ കണ്ട് വേണ്ട ചികിത്സ തേടണമെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ന്യൂറോളജി ലെക്ചറര്‍ ആന്‍ഡ്രൂ ബഡ്‌സണ്‍ പറയുന്നു.

ബലഹീനത, മരവിപ്പ്, മണം, രുചി ഇല്ലായമ, ശ്വാസതടസം, കണ്ണില്‍ മൂടല്‍, തലയ്ക്ക് ഭാരം തോന്നല്‍ എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ കാണണം.

മസ്തിഷ്‌ക മൂടല്‍മഞ്ഞ് കഴിയുന്നത്ര ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവോ അത്രത്തോളം ചിന്തയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുമെന്ന് ഡോ. ബഡ്സണ്‍ പറയുന്നു.

മന്ദത രോഗാവസ്ഥയ്ക്ക് പ്രത്യേക ചികിത്സയില്ല. മെഡിറ്റേഷന്‍, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കുക, ആവശ്യമായ ഉറക്കം ശരീരത്തിനും തലച്ചോറിനും നല്‍കുക.

സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, ബുദ്ധിയും ചിന്തയും വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, സംഗീതം കേള്‍ക്കുക, നല്ല മാനസിക മനോഭാവം നിലനിര്‍ത്തുക തുടങ്ങിയ കാര്യങ്ങളിലൂടെ രോഗാവസ്ഥയെ മാറ്റാം.

ദിവസേന 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവയ്ക്കണം. ആരംഭഘട്ടം വളരെ സാവധാനത്തിലാകണം. തുടര്‍ച്ചയായി ആഴ്ച്ചയില്‍ അഞ്ചു ദിവസമെങ്കിലും ഇത് ചെയ്താല്‍ മന്ദതയ്ക്ക് പരിഹാരം ഉണ്ടാകും. മാത്രമല്ല ശരീരത്തിനും മനസിനും ഉന്മേഷം ലഭിക്കും.

മെഡിറ്റേറിയന്‍ ശൈലിയിലുള്ള വിഭവങ്ങള്‍ കഴിക്കുക. ഒലിവ് എണ്ണയില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ബീന്‍സ്, ധാന്യങ്ങള്‍ എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചിന്തയും ഓര്‍മ്മശക്തിയും കൈവരിക്കുകയും ചെയ്യും.

തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന മദ്യവും മയക്കുമരുന്നുപോലുള്ളവ ഒഴിവാക്കണമെന്നും അദ്ദേഹം ഡോ. ബഡ്സണ്‍ പറയുന്നു.

Exit mobile version