
കൊച്ചി: വിദേശത്തേക്ക് പണം കടത്തിയതില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിയുടെ ദുബായ് സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയെന്നാണ് ആരോപണം.
സംഭവത്തില്‍ മുഖ്യമന്ത്രിക്കുള്ള ബന്ധത്തെക്കുറിച്ച് കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്ന് സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും ഓഫീസിനും ഇതില്‍ പങ്കുണ്ടെന്നും മൊഴി നല്കി. സി.എം. രവീന്ദ്രന്, കെ.ടി. ജലീല്‍, നളിനി നെറ്റോ എന്നിവരെക്കുറിച്ചും മൊഴി നല്കി. എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകിയത്.
മുഖ്യമന്ത്രി ഒരു ബാഗ് മറന്നതായി എം ശിവശങ്കര്‍ അറിയിച്ചു. ബാഗില്‍ കറന്‍സിയെന്ന് സ്കാനിംഗില്‍ ബോധ്യപ്പെട്ടു. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരം ബാഗ് ദുബായില്‍ എത്തിച്ചെന്ന് സ്വപ്ന വെളിപ്പെടുത്തി. കൂടാതെ ഭാരമുള്ള ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസില്‍ എത്തിച്ചു. പാത്രങ്ങളില്‍ ഭാരമുള്ള ലോഹങ്ങള്‍ ഉണ്ടായിരുന്നതായും സ്വപ്ന സംശയം ഉന്നയിച്ചു.
തന്റെ ജീവന് ഭീഷണിയുണ്ടെന്നും കോടതിയോട് സംരക്ഷണം ആവശ്യപ്പെട്ടെന്നും സ്വപ്ന പറഞ്ഞു. അതേസമയം കോടതിയില്‍ നല്കിയ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയില്ല. ആദ്യമായാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ നേരിട്ടുള്ള ആരോപണം സ്വപ്ന ഉന്നയിക്കുന്നത്.
പ്രതികരിക്കാതെ മുഖ്യമന്ത്രി
സ്വപ്ന സുരേഷിന്റെ ആരോപണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകർ പ്രതികരണം ആരാഞ്ഞെങ്കിലും മുഖ്യമന്ത്രി മുഖം നൽകാതെ മടങ്ങി.
പതിവിൽ കവിഞ്ഞ സുരക്ഷയായിരുന്നു വിമാനത്താവളത്തിൽ മുഖ്യമന്ത്രിക്ക് ഒരുക്കിയിരുന്നത്. സായുധപോലീസ് സംഘം തന്നെ വിമാനത്താവളത്തിൽ സുരക്ഷയൊരുക്കാനുണ്ടായിരുന്നു. മാധ്യമപ്രവർത്തകർ മുഖ്യമന്ത്രിക്ക് അടുത്തേക്ക് എത്താതിരിക്കാൻ വടംകെട്ടി തിരിക്കുകയും ചെയ്തിരുന്നു.
വിമാനത്താവളത്തിൽനിന്നും പുറത്തേക്ക് പോലീസ് അകമ്പടിയോടെ എത്തിയ മുഖ്യമന്ത്രിയോട് സ്വപ്നയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടിരുന്നോയെന്ന് മാധ്യമപ്രവർത്തകർ വിളിച്ചു ചോദിച്ചു. എന്നാൽ ഇതു കേൾക്കാത്ത ഭാവത്തിൽ മുഖ്യമന്ത്രി കാറിൽ കയറി പുറത്തേയ്ക്കുപോയി. കണ്ണൂരിൽനിന്നാണ് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് വൈകുന്നേരത്തോടെ എത്തിയത്.