
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മകള്‍ക്ക് ഷാര്‍ജയിൽ ഐടി കമ്പനി തുടങ്ങാൻ ഷാർജ ഭരണാധികാരിയോട് മുഖ്യമന്ത്രി സഹായം അഭ്യർഥിച്ചെന്ന് സ്വപ്ന ആരോപിച്ചു. രഹസ്യമൊഴി നൽകുന്നതിന് മുൻപ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഗുരുതര ആരോപണങ്ങൾ.
ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ഇതുമായി ബന്ധപ്പെട്ട് ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തി. മുഖ്യമന്ത്രിയും കുടുംബവും ചർച്ചയിൽ പങ്കെടുത്തെന്ന് സ്വപ്ന പറയുന്നു. ഷാര്‍ജയില്‍ ബിസിനസ് പങ്കാളിയുമായും ചര്‍ച്ച നടത്തി. നളിനി നെറ്റോയും ശിവശങ്കറും ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഷാർജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു.
രാജകുടുംബാംഗത്തിന്റെ എതിർപ്പ് മൂലം ബിസിനസ് നടന്നില്ലെന്നും സ്വപ്ന കോടതിയിൽ വെളിപ്പെടുത്തി. ബിരിയാണി പാത്രത്തിലെ സമ്മാനങ്ങളെ പറ്റിയും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. പാത്രം കൊണ്ടുപോയത് വലിയ കാറിലായിരുന്നു. ഈ പാത്രം സുരക്ഷിതമായി എത്തുന്നത് വരെ കോൺസൽ ജനറൽ അസ്വസ്ഥനായിരുന്നു.
ഇത് സംബന്ധിച്ച് ശിവശങ്കർ നടത്തിയ ചാറ്റുകൾ മൊബൈലിൽ ഉണ്ട്. മൊബൈൽ കോടതി കസ്റ്റഡിയിലാണെന്നും സത്യവാങ്മൂലത്തിൽ സ്വപ്ന അറിയിച്ചു. എല്ലാ വിവരങ്ങളും പറഞ്ഞിട്ടും കസ്റ്റംസ് അന്വേഷിച്ചില്ലെന്നും സ്വപ്ന ആരോപിക്കുന്നു.