പാലക്കാട്: മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിലെ ടേക്ക് എ ബ്രേക്ക് പൊതു ടോയ്ലറ്റുകളും വിശ്രമകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 32 പൊതുശൗചാലയങ്ങള്‍ സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 29 തദ്ദേശ സ്ഥപനങ്ങളിലായാണ് ശൗചാലയങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.
പദ്ധതി പ്രകാരം ജില്ലയില്‍ 100 ശൗചാലയങ്ങളാണ് നിര്‍മിക്കുക. ഇതില്‍ നിര്‍മാണം അന്തിമഘട്ടത്തിലായ 32 ശൗചാലയങ്ങളാണ് ഉദ്ഘാടനം ചെയ്യുക.
ടേക്ക് എ ബ്രേക്ക് വഴിയിടം പദ്ധതിയില്‍ ഉന്നത നിലവാരത്തിലുള്ള പൊതുശൗചാലയങ്ങളാണ് നിര്‍മിക്കുന്നത്.
ടോയ്ലറ്റ് സമുച്ചയങ്ങളില്‍ നാപ്കിന്‍ ഡിസ്ട്രോയര്‍ വാഷ്ബേസിന്‍, കണ്ണാടി എന്നീ സൗകര്യങ്ങള്‍ സജ്ജീകരിക്കും.
അടിസ്ഥാനം, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം എന്നീ തലങ്ങളിലാണ് ശൗചാലയങ്ങള്‍ നിര്‍മിക്കുന്നത്. പ്രീമിയം തലത്തില്‍ കോഫി ഷോപ്പ്, വിശ്രമകേന്ദ്രം, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ടോയ്ലറ്റുകള്‍ എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
പേ ആന്റ് യൂസ് മാതൃകയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കായിരിക്കും പരിപാലന ചുമതല.
അസിസ്റ്റന്റ് കലക്ടര്‍ ഡോ. അശ്വതി ശ്രീനിവാസിന്റെ നേതൃത്വത്തില്‍ പദ്ധതിയുടെ നിര്‍മാണ പുരോഗതി അവലോകനം ചെയ്തു.
ജില്ലാ ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ ടി.ജി അഭിജിത്ത്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.