തിരുവനന്തപുരം: 500 ചതുരശ്ര അടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് ഒറ്റത്തവണ കെട്ടിട നികുതി ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം.
നിലവില്‍ 1076 ചതുരശ്രയടിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണ് വില്ലേജ് ഓഫീസുകളില്‍ നികുതി അടയ്‌ക്കേണ്ടത്. 500 മുതല്‍ 600 വരെ ചതുരശ്രയടിയുള്ള വീടുകളെ ആദ്യസ്ലാബില്‍ ഉള്‍പ്പെടുത്തും. 600-നും 1000-നും ഇടയില്‍ ചതുരശ്രയടിയുള്ളത് രണ്ടാം സ്ലാബിലായിരിക്കും.
ആദ്യസ്‌ളാബിന്റെ ഇരട്ടിയായിരിക്കും രണ്ടാം സ്ലാബിന്റെ നിരക്ക്. ഈ നികുതി ഒറ്റത്തവണത്തേക്കാണ്. അതേസമയം നികുതിനിരക്ക് തീരുമാനമായിട്ടില്ല.
സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ ഉള്‍ക്കൊണ്ട് മന്ത്രിസഭയാണ് തീരുമാനം എടുത്തത്. 300 ചതുരശ്രയടിയില്‍ കൂടുതലുള്ള വീടുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനായിരുന്നു ശുപാര്‍ശ.
500 ചതുരശ്രയടിയില്‍ താഴെയുള്ളവര്‍ നിര്‍ധനര്‍ ആയിരിക്കുമെന്നതു പരിഗണിച്ച് മന്ത്രിസഭ പരിധി ഉയര്‍ത്തുകയായിരുന്നു.
മറ്റുപല ആവശ്യങ്ങൾക്കും നികുതിരശീതി വേണമെന്നതിനാൽ ചെറിയ വീടാണെങ്കിലും നികുതിയീടാക്കണം എന്നതായിരുന്നു ധനകാര്യ കമ്മിഷന്റെ നിലപാട്.
നിലവിൽ 1076 മുതൽ 1614 വരെ ചതുരശ്രയടിയുള്ള വീടുകൾക്ക് പഞ്ചായത്തിൽ 1950, നഗരസഭയിൽ 3500, കോർപ്പറേഷനിൽ 5200 എന്നിങ്ങനെയാണ് കെട്ടിടനികുതി.