മൂന്നാർ: വൈകിയെത്തിയ തണുപ്പ് മൂന്നാറിൽ മൈനസ് ഡിഗ്രിയിലെത്തി. ഡിസംബർ ആദ്യവാരം ശൈത്യകാലം ആരംഭിക്കുന്ന മൂന്നാറിൽ ഇത്തവണ ആദ്യമാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തുന്നത്.
മൂന്നാർ ചെണ്ടുവര എസ്റ്റേറ്റിലാണ് തണുപ്പ് മൈനസ് ഡിഗ്രിയിലെത്തിയത്. മൈനസ് ഒരു ഡിഗ്രി സെൽഷസായിരുന്നു ഇവിടെ താപ നില.
രാവിലെ നല്ല തണുപ്പാണ് മൂന്നാറിലും പരിസരപ്രദേശങ്ങളിലും അനുഭവപ്പെട്ടത്. സൈലന്റ് വാലി, നല്ലതണ്ണി തുടങ്ങിയ സ്ഥലങ്ങളിലും താപ നില മൈനസിനടുത്തെത്തി.
ഒരു ഡിഗ്രിയായിരുന്നു ഇവിടെയുള്ള കുറഞ്ഞ താപനില. മാട്ടുപ്പെട്ടിയിൽ മൂന്നു ഡിഗ്രിയിലെത്തിയപ്പോൾ തെന്മലയിൽ എട്ടു ഡിഗ്രിയായിരുന്നു തണുപ്പ്.
മൈനസ് നാല് ഡിഗ്രിയിലേക്കു വരെതാഴുന്ന മൂന്നാറിൽ 2013 നു ശേഷം തണുപ്പ് അത്രയും താഴ്ന്ന നിലയിലെത്തിയിട്ടില്ല.
എല്ലപ്പെട്ടി, സെവൻമല, ലക്ഷ്മി, ചിറ്റുവാര, കന്നിമല, നയമക്കാട് എന്നിവിടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്.
കോവിഡ് വ്യാപനം മൂലം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണത്തെ തണുപ്പ് ആസ്വദിക്കാനുള്ള അവസരം സഞ്ചാരികൾക്കു നഷ്ടപ്പെടും.