പെര്‍ത്ത്: ഓസ്‌ട്രേലിയയില്‍ മാജിക് മഷ്‌റൂമും എം.ഡി.എം.എയും വിഷാദരോഗ ചികിത്സയ്ക്ക് മരുന്നായി ഉപയോഗിക്കാന്‍ അനുമതി.
ഓസ്ട്രേലിയന്‍ മെഡിക്കല്‍ റെഗുലേറ്ററായ തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷനാണ് (ടി.ജി.എ) സൈക്യാട്രിസ്റ്റുകള്‍ക്ക് ഇതുസംബന്ധിച്ച അനുമതി നല്‍കിയത്.
ഇതോടെ എം.ഡി.എം.എയും മാജിക് മഷ്‌റൂം എന്നറിയപ്പെടുന്ന സൈലോസിബിനും മരുന്നുകളായി ഔദ്യോഗികമായി അംഗീകരിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറി.
ലഹരി വസ്തുക്കളായി ഉപയോഗിക്കുന്ന മാജിക് മഷ്‌റൂം, എം.ഡി.എം.എ എന്നിവ വിഷാദരോഗം, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് എന്നീ അവസ്ഥകളാല്‍ ബുദ്ധിമുട്ടുന്ന രോഗികളുടെ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന കണ്ടെത്തലിനെതുടര്‍ന്നാണ് തീരുമാനം.
വിഷാദരോഗ ചികിത്സയില്‍ മാജിക് മഷ്‌റൂമില്‍ അടങ്ങിയിട്ടുള്ള സൈലോസിബിന്‍ ഫലപ്രദമാണെന്ന് പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
ജൂലൈ ഒന്നു മുതല്‍ അംഗീകൃത സൈക്യാട്രിസ്റ്റുകള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍ എന്ന മാനസിക രോഗത്തിന് എം.ഡി.എം.എയും വിഷാദത്തിന് സൈലോസിബിനും മരുന്നായി നിര്‍ദ്ദേശിക്കാന്‍ കഴിയും.
ചില രോഗികളില്‍ ഇവയുണ്ടാക്കുന്ന ചികിത്സാ പുരോഗതിയുടെ മതിയായ തെളിവുകള്‍ ലഭിച്ചതിനെതുടര്‍ന്നാണ് തീരുമാനം. ഈ രണ്ടു വസ്തുക്കളുടെയും ഉപയോഗം നിലവില്‍ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. കര്‍ശനമായ നിയന്ത്രിത ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.
ലഹരി വസ്തുക്കള്‍ നിയന്ത്രിത അളവില്‍ ഉപയോഗിക്കുന്നതിന് മാത്രമാണ് സൈക്യാട്രിസ്റ്റുകള്‍ക്ക് അനുമതിയെന്ന് ടി.ജി.എ ഊന്നിപ്പറഞ്ഞു. സൈലോസിബിന്‍, എം.ഡി.എം.എ എന്നിവയുടെ മറ്റെല്ലാ ഉപയോഗങ്ങളും രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.
അതേസമയം ഈ ലഹരി പദാര്‍ത്ഥങ്ങളെ മുഖ്യധാരാ ചികിത്സയില്‍ ഉപയോഗിക്കുന്നതിന് മുമ്പ് അവയുടെ ദീര്‍ഘകാല ഫലങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഇവയുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. സൈലോസിബിന്‍ ഉപയോഗിച്ചുള്ള ചികിത്സ ആരംഭിച്ചതിന് ശേഷം വിഷാദ രോഗികളില്‍ പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടായെന്നാണ് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠന ഫലങ്ങള്‍ പറയുന്നത്.
എന്നാല്‍, പോസിറ്റീവ് ഫലങ്ങള്‍ ഉണ്ടെന്ന് പറയുമ്പോഴും പല രോഗികളിലും പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.