ലുലു പുഷ്പമേളയെ വരവേറ്റ് തലസ്ഥാനം

തിരുവനന്തപുരം: പുഷ്പ-ഫല-സസ്യങ്ങളുടെ വൈവിധ്യം നിറച്ച് ലുലു മാളില്‍ സംഘടിപ്പിച്ച ‘ലുലു ഫ്‌ളവര്‍ ഫെസ്റ്റ് 2022’ പുഷ്പമേള അനന്തപുരിക്ക് വേറിട്ട അനുഭവമായി.

നാല് ദിവസം നീളുന്ന പുഷ്പമേളയുടെ ആദ്യ ദിനം തന്നെ നിരവധി പേര്‍ പ്രദര്‍ശനം കാണാനും ആകര്‍ഷകമായവ സ്വന്തമാക്കാനും എത്തി.

ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗിനടക്കം അനുയോജ്യമായ സസ്യങ്ങള്‍, വായു ശുദ്ധീകരിക്കുന്ന സസ്യങ്ങള്‍, തായ്‌ലന്‍ഡില്‍ നിന്നുള്ള അഗ്ലോണിമ, ബോണ്‍സായ് ഇനത്തില്‍പ്പെട്ട ട്വിസ്റ്റഡ് ഫൈക്കസ്, മോണ്‍സ്‌റ്റെറ, പല വര്‍ണ്ണങ്ങളിലുള്ള റോസ, ബോഗണ്‍വില്ല, നാല് ദിവസം വരെ വാടാതെ നില്‍ക്കുന്ന തായ്‌ലന്‍ഡ് ചെമ്പരത്തി എന്നിവയ്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

മേളയെ ആകര്‍ഷകമാക്കുന്ന മറ്റൊരു ഘടകം വളരെ ചെറിയ കാലം കൊണ്ട് തന്നെ ഫലം തരുന്ന വൃക്ഷത്തൈകളാണ്.

രണ്ട് മുതല്‍ മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുന്ന മലേഷ്യന്‍ കുള്ളന്‍, രാമഗംഗ, ഗംഗബോന്ധം തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുന്ന തെങ്ങിന്‍ തൈകള്‍. മലേഷ്യന്‍ മാതളം, ഒരു കിലോയുള്ള പേരയ്ക്ക വരെ ലഭിയ്ക്കുന്ന ഹൈബ്രിഡ് ഇനമായ വെഡിറ്റര്‍ എന്നിവയും ചെറിയ കാലം കൊണ്ട് തന്നെ ഫലം തരുന്നവയാണ്.

വീടുകളിലടക്കം ഉപഭോക്താക്കളുടെ ആവശ്യാനുസരണം ലാന്‍ഡ്‌സ്‌കേപ്പിംഗ്, കസ്റ്റമൈസ്ഡ് ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ ഗാര്‍ഡനിംഗ് എന്നിവ ചെയ്ത് നല്‍കുന്നവരും പുഷ്പമേളയില്‍ പങ്കെടുക്കുന്നുണ്ട്.

ലാന്‍ഡ്‌സ്‌കേപ്പിംഗ് സമയത്ത് തറയില്‍ പാകാന്‍ ഉപയോഗിക്കുന്ന ബെംഗലൂരു സ്‌റ്റോണ്‍, തണ്ടൂര്‍ സ്‌റ്റോണ്‍, ഇന്റര്‍ലോക്ക് ആകൃതിയിലുള്ള ഫേബര്‍ സ്‌റ്റോണ്‍ തുടങ്ങിയ ഇറക്കുമതി ചെയ്ത കല്ലുകളും പ്രദര്‍ശനത്തിനുണ്ട്.

അലങ്കാര ആവശ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്ന ഗ്ലാഡിയോലസ്, ഡ്രൈ-ഫ്രഷ് ഫ്‌ളവര്‍ വിഭാഗത്തില്‍പ്പെട്ട സോല വുഡ്‌, ജിപ്‌സോഫില
തുടങ്ങിയവയും മേളയില്‍ ശ്രദ്ധേയമായി.

ലുലു മാളില്‍ ഞായറാഴ്ച വരെയാണ് പുഷ്പമേള.

Related Articles

Back to top button