ജനനരജിസ്ട്രേഷനുകളിൽ പേര് ചേർക്കാനുള്ള സമയപരിധി ദീർഘിപ്പിച്ച് ഉത്തരവായി

തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്ട്രേഷൻ നടത്തി 15 വർഷം കഴിഞ്ഞ എല്ലാ ജനനരജിസ്ട്രേഷനുകളിലും ജനിച്ചയാളുടെ പേര് ചേർത്തിട്ടില്ലെങ്കിൽ അത് ഉൾപ്പെടുത്തുന്നതിനുള്ള സമയപരിധി അഞ്ചുവർഷം കൂടി ദീർഘിപ്പിച്ച് ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു.

1999ലെ കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങളിലെ വ്യവസ്ഥയാണ് ഭേദഗതി ചെയ്തത്.

കുട്ടിയുടെ പേര് രേഖപ്പെടുത്താതെ നടത്തുന്ന ജനന രജിസ്ട്രേഷനുകളിൽ ഒരുവർഷത്തിനകം പേര് ചേർക്കണമെന്നും അതിനുശേഷം അഞ്ചു രൂപ ലേറ്റ് ഫീ ഒടുക്കി പേര് ചേർക്കാം എന്നുമാണ് വ്യവസ്ഥ ചെയ്തിരുന്നത്.

എന്നാൽ, കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം 2015ൽ ഇങ്ങനെ പേര് ചേർക്കുന്നതിനുള്ള സമയപരിധി രജിസ്ട്രേഷൻ തീയതി മുതൽ 15 വർഷം വരെയായി നിജപ്പെടുത്തിയിരുന്നു.

പഴയ രജിസ്ട്രേഷനുകളിൽ പേര് ചേർക്കുന്നതിന് 2015 മുതൽ അഞ്ചുവർഷം അനുവദിച്ചിരുന്നു. ആ സമയപരിധി 2020ൽ അവസാനിച്ചിരുന്നു.

ഇത് കാരണം ജനന രജിസ്ട്രേഷനിൽ പേരു ചേർക്കാൻ കഴിയാത്തവർക്ക് ഒരുവർഷം കൂടി സമയം അനുവദിച്ച് സർക്കാർ ഉത്തരവ് നൽകിയിരുന്നു.

ആ സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഈ ഭേദഗതി വഴി മുൻകാല ജനന രജിസ്ട്രേഷനുകളിൽ 2026 ജൂലൈ 14 വരെ പേര് ചേർക്കാൻ കഴിയും. പൊതുജനങ്ങൾ ഈ അവസരം ഉപയോഗിച്ച് എല്ലാ മുൻകാല രജിസ്ട്രേഷനുകളിലും ജനിച്ചയാളുടെ പേര് ചേർക്കേണ്ടതാണ്.

Related Articles

Back to top button