റാന്നിയുടെ വിനോദസഞ്ചാര വികസനത്തിനായി ടൂറിസം മാപ്പിംഗ് യാത്ര

റാന്നി: റാന്നിയുടെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിനായി ടൂറിസം മാപ്പിംഗ് യാത്ര നടത്തി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും സംഘവും.

റാന്നിയിലെ വിനോദസഞ്ചാര മേഖലയെ പുതിയ ഉയരങ്ങളില്‍ എത്തിക്കാന്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ആശയങ്ങളും സാധ്യതകളും കണ്ടെത്താനായിരുന്നു പതിവില്‍ നിന്നും വ്യത്യസ്തമായ പുതിയ മാര്‍ഗം സ്വീകരിച്ചത്.

ജില്ലാ ടൂറിസം അധികൃതരുടെയും റാന്നി സെന്റ് തോമസ് കോളജിന്റയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വ്യത്യസ്തമായ ടൂറിസം ആശയങ്ങള്‍ കണ്ടെത്തുന്നതിനായി എംഎല്‍എ റാന്നി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് യാത്ര വിഭാവനം ചെയ്തത്.

റാന്നിയുടെ ഓരോ ഭാഗത്തെയും ടൂറിസം സാധ്യതകള്‍ കണ്ടറിഞ്ഞ് അതിന് അനുസരിച്ച് ഇവയെ കൂട്ടിയിണക്കി വലിയ ഒരു ടൂറിസം പദ്ധതി തയാറാക്കുകയാണ് ലക്ഷ്യം.

നാട്ടുകാരെ ആകര്‍ഷിക്കുന്ന പരമ്പരാഗത ടൂറിസം പദ്ധതികളില്‍ നിന്ന് വഴിമാറി വിദേശികള്‍ റാന്നിയില്‍ എത്തത്തക്ക വിധമുള്ള, അവരുടെ താല്‍പര്യങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അനുസൃതമായി ഉള്ള വലിയ ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

പുതിയ ടൂറിസം പദ്ധതിക്ക് അഞ്ചു കോടി രൂപ അനുമതി ലഭിച്ച മണിയാര്‍ ഡാമില്‍ നിന്നും രാവിലെ യാത്ര ആരംഭിച്ച് ഉച്ചയോടെ പെരുന്തേനരുവിയില്‍ എത്തി.

പെരുന്തേനരുവി ടൂറിസം ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ആര്‍. വരദരാജന്റെ നേതൃത്വത്തില്‍ ഒരുക്കിയിരുന്ന വിഭവ സമൃദ്ധമായ സദ്യയുണ്ട് നേരേ പോയത് വനാന്തര്‍ഭാഗത്ത് ഒളിഞ്ഞു കിടക്കുന്ന പ്രകൃതിയുടെ വന്യ സൗന്ദര്യമായ പനംകുടുന്ത അരുവി കാണാനാണ്.

വൈകിട്ട് കോട്ടാങ്ങല്‍ നാഗപ്പറയിലെത്തി സൂര്യാസ്തമയവും കണ്ടാണ് യാത്ര അവസാനിപ്പിച്ചത്.

സൂര്യാസ്തമയ വേളയിലും പുതിയൊരു ടൂറിസത്തിന്റെ പ്രതീക്ഷ ഒപ്പമെത്തിയ ഓരോരുത്തരുടെയും കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്നു.

റാന്നിയുടെ മലയോര മേഖലകളുടെ സൗന്ദര്യം അപ്പാടെ ഒറ്റയടിക്ക് ദൃഷ്ടിയില്‍ ഒതുക്കാന്‍ കഴിയുന്ന ളാഹ, അത്തിക്കയം, പനമ്പാറ എന്നിവിടങ്ങളും സന്ദര്‍ശിച്ചു.

മണിയാര്‍ ഡാമിന്റെ ടൂറിസം പദ്ധതികള്‍ക്ക് അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. മണിയാറിനേയും പെരുന്തേനരുവിയേയും കോര്‍ത്തിണക്കി റാന്നിയുടെ ചെറുതും വലുതുമായുള്ള ടൂറിസം സാധ്യതകളെയെല്ലാം ഒരുമിപ്പിക്കാനും ലക്ഷ്യമുണ്ട്.

ഒന്നാം ഘട്ട യാത്രയാണ് ഇപ്പോള്‍ നടന്നത്. പഞ്ചായത്തുകളെ സഹകരിച്ചുകൊണ്ട് രണ്ടാംഘട്ട യാത്രാ പരിപാടി ഉടന്‍ തന്നെ ആസൂത്രണം ചെയ്യും.

റാന്നി സെന്റ് തോമസ് കോളജിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ടൂറിസം സാധ്യത തേടിയുള്ള യാത്ര പുതിയ ഒരു അനുഭവമായി. യാത്ര സംബന്ധിച്ചുള്ള വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനും ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എസ്. മോഹനന്‍, ബിനു ജോസഫ്, നാറാണംമൂഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജന്‍ നിറംപ്ലാക്കല്‍, പെരുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ. സുബേര്‍ കുട്ടി, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി. പവിത്രന്‍, റാന്നി സെന്റ് തോമസ് കോളജ് അധ്യാപകരായ ജിക്കു ജെയിംസ്, അനുവിന്ദ് പി. അരവിന്ദ്, സച്ചിന്‍ സാജു, വിദ്യാര്‍ഥിനി വി.എസ്. മഞ്ജു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Exit mobile version