കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യകുമാരിയുടെയും സുഹൃത്ത് ജിജുവിന്റെയും മരണത്തില്‍ അന്വേഷണം വേണമെന്നു ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ.
ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവുണ്ടായെന്നു സ്വകാര്യ ആശുപത്രിക്കെതിരേ ആരോപണം ഉന്നയിച്ചതിനു പിന്നാലെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ അനന്യകുമാരിയുടെ മരണത്തിന്റെ നടുക്കം വിട്ടുംമാറുംമുമ്പാണ് ജിജുവിന്റെ മരണം.
അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.
അനന്യയുടെ മരണത്തില്‍ മനംനൊന്ത് ജിജു ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തിവന്നിരുന്ന ജിജു നാലു മാസം മുമ്പാണ് കൊച്ചിയിലെത്തിയത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പുകാലം മുതല്‍ അനന്യകുമാരിക്കൊപ്പം ഇടപ്പള്ളിയിലെ ഫ്ളാറ്റിലായിരുന്നു താമസം.
കഴിഞ്ഞ 20നാണ് അനന്യകുമാരിയെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജിജു പുറത്തുപോയ സമയത്തായിരുന്നു മരണം. തിരിച്ചുവന്ന ജിജു ആണ് അനന്യയെ മരിച്ചനിലയില്‍ ആദ്യം കണ്ടത്.
അനന്യയുടെ സംസ്കാര ചടങ്ങുകള്‍ക്കുശേഷമാണ് ജിജു തൈക്കൂടത്ത് സുഹൃത്തിന്റെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്നവര്‍ പുറത്ത് സാധനം വാങ്ങാന്‍ പോയ സമയത്തായിരുന്നു ജിജുവിന്റെ ആത്മഹത്യ.
ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനകള്‍ക്കുശേഷം മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
അതിനിടെ, അനന്യയുടെ പോസ്റ്റ്മോര്‍ട്ടത്തിനു നേതൃത്വം നല്കിയ വിദഗ്ധ മെഡിക്കല്‍ സംഘം ഇന്നു റിപ്പോര്‍ട്ട് കൈമാറുമെന്നാണു സൂചന.