ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും പ്രചാരമേറിയ സോഷ്യല്‍ മീഡിയ ഫ്‌ളാറ്റ്‌ഫോമായ ട്വിറ്റര്‍ കടുത്ത തീരുമാനത്തിന്റെ വക്കില്‍.
ആഗോള ശതകോടീശ്വര ഭീമനായ ഇലോണ്‍ മസ്‌കിന്റെ കൈയ്യില്‍ എത്തിപ്പെടുന്നതിനേക്കാള്‍ അത്മഹത്യയാണ് അഭികാമ്യം എന്ന വിലയിരുത്തലിലാണ് ട്വിറ്റര്‍ മാനേജ്‌മെന്റ്. അതിനായി അവര്‍ ഏറ്റവും അപകടകാരിയായ ഷെയര്‍ഹോള്‍ഡര്‍ റൈറ്റ്‌സ് പ്ലാന്‍ അഥവ പോയ്‌സണ്‍ പില്‍ (വിഷഗുളിക) എന്ന കോര്‍പറേറ്റ് തന്ത്രം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.
43 ബില്യന്‍ ഡോളര്‍ മൂല്യം വരുന്ന ട്വിറ്ററിന്റെ ഓഹരി ബലമായി പിടിച്ചെടുക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ ശാഠ്യത്തെ തടയാനാണ് പതിനെട്ടാമത്തെ അടവും ട്വിറ്റര്‍ പയറ്റുന്നത്.
നിലവില്‍ 9.1 ശതമാനമാണ് ട്വിറ്ററില്‍ മസ്‌കിന്റെ ഓഹരിവിഹിതം. ഇത് ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കാന്‍ ചെലവേറിയതാക്കുകയുമാണ് ഷെയര്‍ഹോള്‍ഡര്‍ റൈറ്റ്‌സ് പ്ലാന്‍ വഴി ട്വിറ്റര്‍ ചെയ്യാന്‍ തുനിയുന്നത്.
ഇതുവഴി കമ്പനിയുടെ ഓഹരി മൂല്യം കുറയുകയും അധികം ഓഹരികള്‍ വിപണിയില്‍ ഇറക്കി കൂടുതല്‍ ആളുകളെ ഇതിലേക്ക് അകര്‍ഷിക്കുകയുമാണ് ചെയ്യുന്നത്.
കൂടുതല്‍ ഓഹരികള്‍ വില്‍ക്കുന്നതോടെ നിര്‍ദ്ദിഷ്ട വ്യക്തിക്ക് കമ്പനിയിലുള്ള മൊത്തം ഓഹരി വിഹിതം കുറയ്ക്കാനും ഏറ്റെടുക്കല്‍ നീക്കത്തെ തടയാനുമാകുമെന്ന് ട്വിറ്റര്‍ മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നു.
ഏറ്റെടുക്കല്‍ തടയാമെങ്കിലും കമ്പനിയുടെ ഓഹരിമൂല്യം കുറയുമെന്നതാണ് പോയ്‌സണ്‍ പില്‍ രീതിയെ ആത്മഹത്യപരമായ രീതിയെന്ന് കോര്‍പറേറ്റ് മേഖലയിലുള്ളവര്‍ വിശേഷിപ്പിക്കുന്നത്.
പോയ്‌സണ്‍ പില്‍ രീതി പ്രാബല്യത്തില്‍ വരുമ്പോള്‍ 15 ശതമാനമോ അതിലേറയോ ഓഹരിയുള്ള ആളുകളെ മാറ്റി നിര്‍ത്തി മറ്റുള്ളവര്‍ക്കാകും ഓഹരികള്‍ വാങ്ങാന്‍ അവസരം ലഭിക്കുക.
ട്വിറ്ററിന്റെ ഇപ്പോഴത്തെ നീക്കം നിക്ഷേപക താല്‍പര്യത്തിന് വിരുധമാണെന്നും ഇതുണ്ടാക്കുന്ന ബാധ്യത കമ്പനിക്ക് താങ്ങാവുന്നതിലും വലുതായിരിക്കുമെന്നും മസ്‌ക് തിരിച്ചടിച്ചു. കമ്പനിയെ ഏറ്റെടുത്ത് സമൂലമായ മാറ്റം കൊണ്ടുവരികെയാണ് തന്റെ ലക്ഷ്യം.
തന്റെ ഓഫര്‍ സ്വീകാര്യമല്ലെങ്കില്‍ ട്വിറ്റര്‍ മാനേജ്‌മെന്റില്‍ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കേണ്ടിവരുമെന്നും നിലവിലുള്ള തന്റെ ഓഹരികള്‍ ഉപേക്ഷിക്കുന്നത് ആലോചിക്കേണ്ടിവരുമെന്നും മസ്‌ക് ഭിഷണി മുഴക്കി.
ഒരു കമ്പനിക്ക് താല്‍പര്യമില്ലാത്തപ്പോള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്ന ഹോസ്‌റ്റൈല്‍ ടേക്ക്ഓവര്‍ തടയാന്‍ സ്വീകരിക്കുന്ന അവസാനമാര്‍ഗമാണ് ഷെയര്‍ ഹോള്‍ഡര്‍ റൈറ്റ്‌സ് പ്ലാന്‍. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിനെ 2012ല്‍ ഏറ്റെടുക്കാന്‍ ശ്രമമുണ്ടായപ്പോള്‍ അതിനെ നേരിട്ടതും ഇതേ തന്ത്രം ഉപയോഗിച്ചാണ്.