ഒരു യുഎഇ ദിർഹത്തിന് 20.60 ഇന്ത്യൻ രൂപ; പണമയക്കാൻ വൻ തിരക്ക്

ദുബൈ: രൂപയുടെ മൂല്യം ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി. വളരെ പെട്ടെന്നാണു കഴിഞ്ഞദിവസം ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു 20.60 വരെയായത്.

ഇതോടെ പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്കേറിയിരിക്കുകയാണ്. ഇത് പ്രവാസികള്‍ക്ക് ഗുണമാകുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍. രൂപയുടെ മൂല്യമിടിഞ്ഞതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചു.

പണമിടപാട് സ്ഥാപനങ്ങള്‍ ഇന്നലെ പരമാവധി ഒരു ദിര്‍ഹത്തിനു 20.45 രൂപ വരെ നല്‍കി.

ഓഹരി വിപണിയുടെ ഇടിവ്, അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റം, വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം എന്നിവയാണ് രൂപയുടെ മൂല്യം പെട്ടെന്ന് ഇടിയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അസംസ്‌കൃത എണ്ണയുടെ വില വീണ്ടും ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മാസ മധ്യമായതിനാല്‍ പലരുടെയും പക്കല്‍ പണം അയയ്ക്കാന്‍ ഇല്ലാത്ത അവസ്ഥയാണ്. മാസാദ്യം ഈ ഇടിവ് ലഭിച്ചിരുന്നെങ്കില്‍ വീട്ടിലേക്ക് കൂടുതല്‍ പണം അയയ്ക്കാന്‍ സാധിച്ചേനെ എന്നു ജബല്‍അലിയിലെ എക്‌സ്‌ചേഞ്ചില്‍ പണം അയയ്ക്കാന്‍ എത്തിയ കണ്ണൂര്‍ സ്വദേശി ഫിറോസ് പറഞ്ഞു.

കാര്‍ഡ് ഉപയോഗിച്ച് പണം അയയ്ക്കുന്നവര്‍ക്കു ചില എക്‌സ്‌ചേഞ്ചുകളില്‍ ഉയര്‍ന്ന നിരക്ക് നല്‍കാറുണ്ടെന്ന് എക്‌സ്‌ചേഞ്ചിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ കാര്‍ഡ് ഉപയോഗിച്ച് പണം അയയ്ക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

നാട്ടില്‍ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ പണം ലഭിച്ചാല്‍ മതിയെങ്കില്‍ അല്‍പം ഉയര്‍ന്ന നിരക്ക് പല എക്‌സ്‌ചേഞ്ചുകളിലും നല്‍കാറുണ്ട്. അയയ്ക്കുന്ന അതേദിവസമോ തൊട്ടടുത്ത ദിവസമോ പണം നാട്ടില്‍ കിട്ടണമെന്നുള്ളപ്പോള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിരക്ക് മാത്രമേ ലഭിക്കൂ. ഗ്ലോബല്‍ മലയാളിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version