വിദേശ സര്‍വകലാശാലകളുടെ ഓണ്‍ലൈന്‍ പിഎച്ച്ഡിക്ക് അംഗീകാരമില്ലെന്ന് യു.ജി.സിയും എ.ഐ.സി.ടി.ഇയും

ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകളുമായി സഹകരിച്ച് എജുടെക് കമ്പനികള്‍ നല്‍കുന്ന ഓണ്‍ലൈന്‍ പിഎച്ച്ഡി പ്രോഗ്രാമുകള്‍ക്ക് അംഗീകാരമുണ്ടാകില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷനും (യു.ജി.സി) അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലും (എ.ഐ.സി.ടി.ഇ) അറിയിച്ചു.

ഈ വര്‍ഷം രണ്ടാം തവണയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ കോഴ്‌സുകള്‍ സംബന്ധിച്ച് യു.ജി.സിയും എ.ഐ.സി.ടി.ഇയും മുന്നറിയിപ്പ് നല്‍കുന്നത്.

എജുടെക് കമ്പനികളുമായി സഹകരിച്ച് അംഗീകൃത സര്‍വകലാശാലകളും സ്ഥാപനങ്ങളും വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നല്‍കുന്നതിനെതിരെ യു.ജി.സിയും എ.ഐ.സി.ടി.ഇയും ഈ വര്‍ഷമാദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ചട്ടപ്രകാരം ഇത്തരത്തിലുള്ള ഫ്രാഞ്ചൈസി കരാറുകള്‍ അനുവദനീയമല്ല.

പിഎച്ച്.ഡി ബിരുദത്തിന്റെ നിലവാരം ഉറപ്പാക്കാന്‍ ആവിഷ്‌കരിച്ച യു.ജി.സി റെഗുലേഷന്‍ ആക്ട് 2016 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാധ്യസ്ഥമാണെന്ന് വെള്ളിയാഴ്ച ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓണ്‍ലൈന്‍ പിഎച്ച്.ഡി വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ വീഴരുതെന്നും ഉത്തരവില്‍ വിശദമാക്കുന്നു.

Exit mobile version