കേ​ന്ദ്ര​ ബ​ജ​റ്റ് 2022

ന്യൂ​ഡ​ൽ​ഹി: സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള കേ​ന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

7 ഗതാഗത മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ; 400 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍

കേന്ദ്ര ബജറ്റ് 2022ല്‍ ഗതാഗത രംഗത്തെ അതിവേഗ വികസനം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രഖ്യാപനം. ഏഴ് ഗതാഗത മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇതിന്റെ ഭാഗമായി 400 പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും.

2022-23 ല്‍ 25,000 കി.മി ദേശീയ പാത നിര്‍മിക്കും. റെയില്‍വേ ചരക്ക് നീക്കത്തിന് പദ്ധതി നടപ്പാക്കും. പിഎം ഗതിശക്തി പദ്ധതിക്ക് സമഗ്ര മാസ്റ്റര്‍ പ്ലാന്‍.

വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ പദ്ധതി

‘വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍’ എന്ന പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരമായിരിക്കും ഇതെന്നും മന്ത്രി 2022-23 ബജറ്റ് അവതരണത്തില്‍ പറഞ്ഞു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിട്ടതോടെ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ച് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലുളള വിദ്യാര്‍ഥികള്‍ക്ക് രണ്ടു വര്‍ഷത്തോളം ഔപചാരിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളുകളിലെ ഈ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് വേണ്ടി വണ്‍ ക്ലാസ് വണ്‍ ചാനല്‍ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് താങ്ങുവിലയ്ക്കായി 2.37 ലക്ഷം കോടി, തൊഴിലുറപ്പിനും കൂടുതല്‍ തുക

ബജറ്റില്‍ 2.37 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് താങ്ങുവിലയ്ക്കായി നീക്കിവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.

കര്‍ഷകര്‍ക്ക് കിസാന്‍ ഡ്രോണുകള്‍, അഞ്ച് നദി സംയോജന പദ്ധതികള്‍ എന്നിവ പ്രഖ്യാപിച്ചു. നദി സംയോജന പദ്ധതിയുടെ രൂപരേഖ തയ്യാറായിട്ടുണ്ട്. 100 പുതിയ കാര്‍ഗോ ടെര്‍മിനലുകള്‍.

ഇനിമുതല്‍ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക.

ഡിജിറ്റല്‍ സര്‍വകലാശാലകള്‍, ന്യൂജന്‍ അങ്കണവാടികള്‍; വിദ്യാഭ്യാസ മേഖലയ്ക്ക് മുന്‍തൂക്കം

വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്ന ബജറ്റ്. പിഎം ഇ വിദ്യ പദ്ധതിയില്‍ 200 ചാനലുകള്‍ കൂടി. ഡിജിറ്റല്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കും. വണ്‍ ക്ലാസ് വണ്‍ ടി വി ചാനല്‍ പദ്ധതി വിപുലമാക്കും.

ന്യൂജന്‍ അങ്കണവാടികള്‍ പ്രഖ്യാപിച്ചു. 2 ലക്ഷം അങ്കണവാടികള്‍ ആധുനികവത്കരിക്കും. 1-2 ക്ലാസ്സുകള്‍ക്ക് പ്രത്യേക ചാനലുകള്‍. ഓഡിയോ വിഷ്വല്‍ പഠന രീതികള്‍ വ്യാപകമാക്കും.

കൂടാതെ 5.5 കോടി കുടുംബാങ്ങള്‍ക്ക് 2 വര്‍ഷത്തിനുള്ളില്‍ ശുദ്ധ ജലം. വടക്കു കിഴക്കന്‍ മേഖലയുടെ വികസനത്തിനും പ്രത്യേക പദ്ധതികള്‍.

ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി പദ്ധതികള്‍; ഇ-പാസ്‌പോര്‍ട്ട് സംവിധാനവും നടപ്പാക്കും

ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതായി രാജ്യത്തെ 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ സ്ഥാപിക്കും. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടി കോര്‍ബാങ്കിങ് സൗകര്യം ലഭ്യമാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ വര്‍ഷം മുതല്‍ ഇ-പാസ്‌പോര്‍ട്ട് സംവിധാനം നടപ്പാക്കും.

രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. ബജറ്റും അനുബന്ധരേഖകളും പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉള്‍പ്പെടെ 14 രേഖകള്‍ ഇതിലൂടെ ലഭ്യമാകും.

ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്ട്രേഷന്‍; കുടിവെള്ളം പദ്ധതിക്ക് 1400 കോടി

ഭൂമി കൈമാറ്റത്തിന് ഒരു രാജ്യം, ഒരു രജിസ്ട്രേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനത്തില്‍ നിര്‍മ്മലാ സീതാരാമന്‍. പ്രത്യേക സാമ്പത്തിക മേഖല(സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്ന വിധം പുതിയ നിയമ നിര്‍മാണം നടത്തുമെന്നും കേന്ദ്രമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

പ്രതിരോധ മേഖലയിലെ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ രംഗത്തെ ഗവേഷണത്തിന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി.

44605 കോടി രൂപയുടെ കേന്‍ ബേത്വ ലിങ്കിങ് പ്രൊജക്ടും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിലൂടെ 9 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിക്ക് ജലസേചന സൗകര്യം ലഭിക്കും. 62 ലക്ഷം ജനങ്ങള്‍ക്ക് കുടി വെള്ളം ലഭ്യമാക്കുമെന്നും പദ്ധതിക്കായി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1400 കോടി വകയിരുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.

ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും

2022-23 വര്‍ഷത്തില്‍ ഡിജിറ്റല്‍ റുപ്പീ പുറത്തിറക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായി പദ്ധതികള്‍

സ്ത്രീകളുടെയും കുട്ടികളുടെയും ബൗദ്ധികവും സാമൂഹികവും സാമ്പത്തികപരവുമായ ഉന്നമനത്തിനുള്ള പദ്ധതികളെക്കുറിച്ച് ബജറ്റില്‍ പ്രഖ്യാപനം. നാരീശക്തി പദ്ധതി ശോഭനമായ ഭാവിയുടെ മുന്നോടിയാണെന്ന് മന്ത്രി പറഞ്ഞു.

സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനത്തിനായി അവതരിപ്പിച്ച വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതികളായ മിഷന്‍ ശക്തി, മിഷന്‍ വാത്സല്യ, സാക്ഷം അംഗന്‍വാടി, പോഷണ്‍ 2.0 എന്നീ പദ്ധതികള്‍ സര്‍ക്കാര്‍ സമഗ്രമായി നവീകരിച്ചതായി ബജറ്റില്‍ അറിയിച്ചു.

മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയും ഓഡിയോ വിഷ്വല്‍ സഹായങ്ങളോടെയുമുള്ള സാക്ഷം അംഗന്‍വാടി പദ്ധതി പുതുതലമുറ അംഗന്‍വാടികളാണെന്നും ബാല്യകാല വികസനത്തില്‍ മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാന്‍ പ്രാപ്തമാണെന്നും മന്ത്രി പറഞ്ഞു. പദ്ധതിക്കു കീഴില്‍ രണ്ടു ലക്ഷത്തോളം അംഗന്‍വാടികള്‍ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ പലിശരഹിത വായ്പ

ഒരു ലക്ഷം കോടിയുടെ പലിശരഹിത വായ്പ സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. രാഷ്ട്രത്തിന്റെ സമഗ്രസാമ്പത്തിക വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും സംസ്ഥാനങ്ങളുടെ പങ്കാളിത്തം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വായ്പ പ്രഖ്യാപിച്ചിരിക്കുന്നത്.

അതത് സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കപ്പെട്ട വായ്പയ്ക്കു പുറമേയുള്ള പലിശരഹിത വായ്പയാണിത്. 50 വര്‍ഷമാണ് വായ്പാകാലാവധി.

പ്രധാനമന്ത്രിയുടെ ഗതി-ശക്തി പദ്ധതിയ്ക്കും മറ്റു ഉത്പാദന മുതല്‍ മുടക്കിലേക്കുമുള്ള സംസ്ഥാനങ്ങളുടെ ഇടപെടല്‍ കൂടി ഉദ്ദേശിച്ചു കൊണ്ടാണ് ഒരു ലക്ഷം കോടി പലിശരഹിത വായ്പ ബജറ്റില്‍ വകയിരിത്തിയിരിക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍ക്കും സീറോ ഫോസില്‍ ഫ്യുവല്‍ പോളിസിക്കും പ്രത്യേക പരിഗണന

ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ നിര്‍മല സീതാരാമന്‍.

ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായി ഇലക്ട്രിക് ചാര്‍ജിങ്ങ് സെന്ററുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും.

ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക സോണുകള്‍ ഒരുക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പുറമെ, ഇത്തരം വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയവും (ബാറ്ററി സ്വാപ്പിങ്ങ് സംവിധാനം) കേന്ദ്ര സര്‍ക്കാര്‍ ഒരുക്കും.

ചാര്‍ജിങ്ങ് കേന്ദ്രങ്ങള്‍ ഒരുക്കാനുള്ള സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിലായിരിക്കും ഈ സംവിധാനം വരുത്തുക.

ബാറ്ററികള്‍ നിര്‍മിക്കുന്നതിനും ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്.

ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് സഹായിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. സീറോ ഫോസില്‍ ഫ്യുവല്‍ പോളിസിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഇലക്രോണിക് ഉപകരണങ്ങള്‍ക്കും ഗാഡ്ജറ്റുകള്‍ക്കും വിലകുറയും

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍ അനുസരിച്ച് ഇലക്രോണിക് ഉപകരണങ്ങള്‍, ഗാഡ്ജറ്റുകള്‍, ആഭരണങ്ങളില്‍ ഉപയോഗിക്കുന്ന കല്ലുകള്‍ എന്നിവയ്ക്ക് വില കുറയും.

തീരുവ കുറയുന്നതിനാല്‍ മൊബൈല്‍ ഫോണുകള്‍, ചെറിയ ക്യാമറകള്‍, മൊബൈല്‍ ചാര്‍ജറുകള്‍ എന്നിവയ്ക്ക് വിലക്കുറവുണ്ടാകും.

വജ്രത്തിന്റെ കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായി കുറച്ചിട്ടുണ്ട്. വജ്രം, രത്നം, ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയ്ക്ക് വില കുറയും.

തുണിത്തരങ്ങള്‍ക്കും വില കുറയും. പെട്രോളിയം ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട രാസവസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി കുറഞ്ഞിട്ടുണ്ട്.

മെഥനോള്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടിയും കുറഞ്ഞിട്ടുണ്ട്. അതേസമയം കുടകളുടെ വില വര്‍ധിക്കും.

ആദായ നികുതി റിട്ടേണ്‍ പരിഷകരിക്കണം; പിഴവുകള്‍ തിരുത്താനുള്ള സമയ പരിധി നീട്ടി

ആദായ നികുതി റിട്ടേണ്‍ പരിഷകരിക്കുമെന്ന് ധനമന്ത്രിയുടെ സുപ്രധാന ബജറ്റ് പ്രഖ്യാപനം. പിഴവുകള്‍ തിരുത്തി റിട്ടേണ്‍ സര്‍മപ്പിക്കുന്നതിനുള്ള സമയ പരിധി രണ്ടു വര്‍ഷമായി ഉയര്‍ത്തി.

അധിക നികുതി നല്‍കി റിട്ടേണ്‍ മാറ്റങ്ങളോടെ സമര്‍പ്പിക്കാം. മറച്ചു വച്ചിരിക്കുന്ന വരുമാനം വെളിപ്പെടുത്തുന്നതിനുള്ള അവസരവും ലഭ്യമാകും.

സഹകരണ സംഘങ്ങളുടെ സര്‍ച്ചാര്‍ജ് കുറക്കാനും ബജറ്റില്‍ തീരുമാനമായി. ഇത് സഹകരണ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള കേരളത്തിന് ഏറെ ഗുണം ചെയ്യുന്ന പ്രഖ്യാപനമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

അതോടൊപ്പം സ്റ്റാര്‍ട്ടപ്പ് സംരഭങ്ങള്‍ക്കുള്ള നികുതിയിളവ് കാലാവധിയും ഒരു വര്‍ഷമാക്കി ഉയര്‍ത്തിയുണ്ട്.

കൂടാതെ സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടിയുടെ വായ്പയും ബജറ്റിന്റെ ഭാഗമായി അനുവദിച്ചു. വായപ പലിശ രഹിതമായിരിക്കും.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക വെല്ലുവിളി നേരിടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് വായ്പ സംബന്ധിച്ച പ്രഖ്യാപനം.

കൂടാതെ രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മൂലധന നിക്ഷേപങ്ങള്‍ക്ക് സംസ്ഥാനങ്ങളെ സഹായിക്കാനും. കേന്ദ്ര വിഹിതത്തിന് പുറമെ അധികസഹായം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും ബജറ്റില്‍ പറയുന്നു.

Related Articles

Back to top button