കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാൻ ഇ-ശ്രാം രജിസ്‌ട്രേഷന്‍

തിരുവനന്തപുരം: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഇ-ശ്രാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ഇ-ശ്രാം പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

16-നും 59-നും ഇടയില്‍ പ്രായമുളള ഇ പി എഫ്, ഇ എസ് ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഇല്ലാത്തവരും ഇന്‍കം ടാക്‌സ് പരിധിയില്‍ വരാത്തവരുമായ എല്ലാ തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ദേശസാല്‍കൃത ബാങ്കിന്റെ പാസ് ബുക്ക് എന്നിവ ഉപയോഗിച്ച് ഇ- ശ്രാം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കും.

അക്ഷയ സെന്ററുകള്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍ എന്നിവ വഴിയാണ് രജിസ്‌ട്രേഷന്‍ നടന്നു വരുന്നത്. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് സ്വയം രജിസ്റ്റര്‍ ചെയ്യാനും സാധിക്കും.

നിര്‍മ്മാണ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴില്‍ എടുക്കുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, മത്സ്യതൊഴിലാളികള്‍, അസംഘടിത മേഖലയിലെ തോട്ടം തൊഴിലാളികള്‍, പാല്‍ക്കാരന്‍, ഒട്ടോറിക്ഷാ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി എല്ലാ മേഖലയിലുളളവരും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

ആധാര്‍ അധിഷ്ഠിത രജിസ്‌ട്രേഷന്‍ ആണ് നടത്തുന്നത്. ഇതിനായി ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ ഇല്ലായെങ്കില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ആവശ്യമാണ്.

കോമണ്‍ സര്‍വ്വീസ് സെന്റര്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴി ഇ-ശ്രാം രജിസ്‌ട്രേഷന്‍ നടത്താം. ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍ ഒടിപി സംവിധാനം ഉപയോഗിച്ച് സ്വന്തമായും രജിസ്‌ട്രേഷന്‍ നടത്താം.

രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. തൊഴിലാളികളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന് ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ് ബാങ്കിനെ സമീപിക്കണം.

Exit mobile version