പത്ത് രാജ്യങ്ങളില്‍ നിന്ന് ഇനി യുപിഐ വഴി പണമയക്കാം

മുംബൈ: ഇന്ത്യന്‍ പ്രവാസികള്‍ക്ക് യുപിഐ വഴി പണമിടപാട് നടത്താന്‍ സൗകര്യം ഒരുങ്ങുന്നു. പത്ത് രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ സൗകര്യം ഒരുങ്ങുന്നത്. നാട്ടിലെ മൊബൈല്‍ നമ്പറില്ലെങ്കിലും ഇടപാട് നടത്താനാകും.

യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എസ്, യു.കെ, കാനഡ, ആസ്ട്രേലിയ, ഹോങ്കോങ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കാണ് യു.പി.ഐ ഇടപാടിന് അവസരമൊരുങ്ങുന്നത്. നോണ്‍ റെസിഡന്റ് എക്സ്റ്റേണല്‍(എന്‍.ആര്‍.ഇ), നോണ്‍ റെസിഡന്റ് ഓര്‍ഡിനറി(എന്‍.ആര്‍.ഒ) ബാങ്ക് അക്കൗണ്ടുള്ള പ്രവാസികള്‍ക്ക് അന്താരാഷ്ട്ര ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഇടപാട് നടത്താനാകുമെന്ന് നാഷനല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍.പി.സി.ഐ) അറിയിച്ചു.

വിദേശത്തെ സമ്പാദ്യം ഇന്ത്യയിലേക്ക് അയക്കാന്‍ പ്രവാസികള്‍ ഉപയോഗിക്കുന്ന അക്കൗണ്ടാണ് എന്‍.ആര്‍.ഇ. എന്‍.ആര്‍.ഐകളുടെ ഇന്ത്യയിലെ സമ്പാദ്യം കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കുന്നതാണ് എന്‍.ആര്‍.ഒ അക്കൗണ്ട്.

അതേസമയം, വിദേശ വിനിമയ നിയമം(ഫെമ) അനുസരിച്ചാണ് യു.പി.ഐ അക്കൗണ്ടുകളിലൂടെയുള്ള ഇടപാടെന്ന് ഉറപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് എന്‍.പി.സി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓരോ സമയത്തും പുറത്തിറക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ബന്ധപ്പെട്ട ബാങ്കുകള്‍ ആവശ്യമായ സാമ്പത്തിക തട്ടിപ്പ് വിരുദ്ധ(എ.എം.എല്‍), സാമ്പത്തിക തീവ്രവാദ വിരുദ്ധ(സി.ടി) പരിശോധനകള്‍ പൂര്‍ത്തിയാക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പൂര്‍ത്തിയാക്കാന്‍ ഏപ്രില്‍ 30 വരെ എന്‍.പി.സി.ഐ ബാങ്കുകള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്.

ഇതെല്ലാം പൂര്‍ണമായി സജ്ജമായാലായിരിക്കും ആദ്യ ഘട്ടത്തില്‍ പത്തു രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് യു.പി.ഐ പണമിടപാട് സാധ്യമാകുക. അധികം വൈകാതെ മറ്റു രാജ്യങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാന്‍ പേയ്മെന്റ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നുണ്ട്.

Exit mobile version