വാഷിംഗ്ടൺ: ഭീകര സംഘടനയായ അൽ ക്വയ്ദയുടെ തലവൻ അയ്മൻ അൽ സവാഹിരിയെ (71) ഡ്രോൺ ആക്രമണത്തിൽ വധിച്ച് യുഎസ്.
യുഎസ് സമയം തിങ്കളാഴ്ച വൈകിട്ട് 7.30ന് വൈറ്റ്ഹൗസിൽ നടത്തിയ പ്രത്യേക പ്രസ്താവനയിലൂടെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇക്കാര്യം സ്ഥിരീകരിച്ചു. “നീതി നടപ്പായി. ആ ഭീകര നേതാവ് ഇനിയില്ല.’-ബൈഡൻ പറഞ്ഞു.
2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണ് സവാഹിരി. ഞായറാഴ്ച അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയാണ് ഭീകരവിരുദ്ധ ഓപ്പറേഷന് നടത്തിയത്.
കാബൂളിലെ വസതിയുടെ ബാല്‍ക്കണിയില്‍ നില്‍ക്കവെ രണ്ട് മിസൈലുകള്‍ അയച്ചാണ് ഭീകര നേതാവിനെ കൊലപ്പെടുത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
2011 ൽ ഉസാമ ബിൻ ലാദനെ യുഎസ് വധിച്ചതിനുശേഷമാണ് സവാഹിരി അൽ ക്വയ്ദയുടെ നേതൃത്വം ഏറ്റെടുക്കുന്നത്. നേത്രരോഗ വിദഗ്ധനായിരുന്ന സവാഹിരി പിന്നീട് ഭീകരവാദ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു.
9/11 ഭീകരാക്രമണം ആസൂത്രണം ചെയ്തത് ബിന്‍ ലാദനും വലംകൈയായി പ്രവർത്തിച്ചിരുന്ന സവാഹിരിയും ചേര്‍ന്നായിരുന്നു.
സവാഹിരിയെ വധിച്ചെന്ന ബൈഡന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. അതേസമയം, കാബൂളിലെ യുഎസ് ആക്രമണത്തെ താലിബാൻ അപലപിച്ചു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് കുറ്റപ്പെടുത്തി.