വയനാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ ആധാര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ സേവനങ്ങളും വകുപ്പിന്റെ സേവനങ്ങള്‍ സുതാര്യമാക്കുന്നതിനുള്ള പരിഷ്‌കരണങ്ങളും പൊതുജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
മോട്ടോര്‍ വാഹന വകുപ്പിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ ലഭിക്കും.
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ മേല്‍വിലാസം മാറ്റല്‍, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റല്‍, മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള വാഹനത്തിന്റെ എന്‍.ഒ.സി. നല്‍കല്‍, വാഹനത്തിന്റെ ഡൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, (ആര്‍.സി നഷ്ടപെട്ടതുള്‍പ്പെടെ), ഹൈപ്പാത്തിക്കേഷന്‍ റദ്ദ് ചെയ്യല്‍, ഹൈപ്പാത്തിക്കേഷന്‍ എന്‍ഡോഴ്സ്മെന്റ തുടങ്ങിയ സേവനങ്ങള്‍ ആധാര്‍ ഓതന്റിക്കേറ്റഡ് ഫേസ്-ലെസ്സ് സര്‍വീസുകളായി നടപ്പില്‍ വരുത്തിയിട്ടുണ്ട്.
സേവനങ്ങള്‍ക്കുള്ള അപേക്ഷ വാഹന്‍ സോഫ്ട് വെയര്‍ മുഖേന ഓണ്‍ലൈനായി സമര്‍പ്പിക്കുമ്പാള്‍ കാണപ്പെടുന്ന ഓപ്ഷനുകളില്‍ നിന്നും ‘ആധാര്‍ ഓതന്റിക്കേഷന്‍’, ‘മൊബൈല്‍ ഓതന്റിക്കേഷന്‍’ ഇവയിലേതെങ്കിലും ഒരെണ്ണം അപേക്ഷകന്‍ തിരഞ്ഞെടുക്കണം.
ആധാര്‍ ഓതന്റിക്കേഷന്‍ തിരഞ്ഞെടുത്ത അപേക്ഷകര്‍ക്ക് മേല്‍ സേവനങ്ങള്‍ക്ക് അപേക്ഷയുടെ ഹാര്‍ഡ് കോപ്പിയോ, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ ഓഫീസില്‍ ഹാജരാക്കേണ്ടതില്ല.
ഓണ്‍ലൈന്‍ അപേക്ഷയുടെയും അപ്ലോഡ് ചെയ്യപ്പെട്ട രേഖകളുടെയും അടിസ്ഥാനത്തില്‍ ഈ സേവനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതാണ്.
പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള അപേക്ഷാ സമര്‍പ്പണത്തിന് മുന്‍പായി പെര്‍മിറ്റുമായി ബന്ധപ്പെട്ട ട്രാന്‍സ്ഫര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതാണ്.
ആധാര്‍ ഓതന്റിക്കേഷന്‍ മുഖേന വാഹനിലെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി വാഹന ഉടമയുടെ/വാങ്ങുന്നയാളുടെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ തന്നെ വാഹനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പ്രസ്തുത മൊബൈല്‍ നമ്പരില്‍ ലഭിക്കുന്ന ഒ.ടി.പി ഉപയാഗിച്ച് അപേക്ഷ സമര്‍പ്പണം പൂര്‍ത്തീകരിക്കണം. ആധാര്‍ ഓതന്റിക്കേഷന്‍ വഴി അപേക്ഷ നല്‍കുന്നവര്‍ ഒറിജിനല്‍ ആര്‍.സി. കൈവശം സൂക്ഷിക്കേണ്ടതാണ്.വാഹനം കൈമാറ്റം നടത്തുകയാണെങ്കില്‍ പഴയ ആര്‍.സി. പുതിയ ഉടമസ്ഥനെ ഏല്‍പ്പിച്ച് രസീത് വാങ്ങി സൂക്ഷിക്കണം.