കോട്ടയം: കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുജനങ്ങൾ സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ.
ഓഫീസ് സന്ദർശനങ്ങൾ പരമാവധി കുറയ്ക്കണം. സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ സ്വീകരിക്കുന്നതിന് ഡ്രോപ് ബോക്‌സുകൾ സ്ഥാപിക്കുന്നതിന് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആവശ്യഘട്ടത്തിൽ സി.എസ്.എൽ.ടി.സികൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് എ.ഡി.സി. ജനറലിനെ ചുമതലപ്പെടുത്തി.
കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്കുള്ള സർക്കാർ ധനസഹായത്തിന് ലഭിച്ച 1640 അപേക്ഷകളിൽ 1454 എണ്ണം അംഗീകരിച്ചു. 50,000 രൂപ വീതമാണ് ധനസഹായം. ഇനിയും അപേക്ഷിക്കാത്തവർക്ക് രേഖകൾ സഹിതം വില്ലേജ് ഓഫീസുകൾ വഴി അപേക്ഷ നൽകാം.
കോവിഡ് മൂലം ബി.പി.എൽ. കുടുംബത്തിലെ പ്രധാനവരുമാന ദായകൻ മരിച്ചാൽ കുടുംബത്തിന് മൂന്നുവർഷത്തേക്ക് മാസം 5,000 രൂപ വീതം അനുവദിക്കുന്ന പദ്ധതിയിലേക്ക് ലഭിച്ച 561 അപേക്ഷകളിൽ 182 എണ്ണം അംഗീകരിച്ചു. 236 എണ്ണം നിരസിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ പി.എസ്. ഷിനോ, ഡിവൈ.എസ്.പി. ജെ. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.