മുംബൈ: ചുരുങ്ങിയ കാലം കൊണ്ട് നിക്ഷേപകരുടെ മനംകവര്‍ന്ന ക്രിപ്‌റ്റോ കറന്‍സികള്‍ എട്ടു നിലയില്‍ പൊട്ടുന്നു. അന്താരാഷ്ട്ര തലത്തില്‍ ഉള്‍പ്പെടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ക്രിപ്‌റ്റോ അധിഷ്ടിത സ്റ്റാര്‍ട്ട് ആപ്പ് കമ്പനികളുടെ പ്രവര്‍ത്തനവും അവതാളത്തിലായി.
പല ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് കമ്പനികളും കുത്തുപാളയെടുത്തതോടെ ജീവനക്കാരെ കുറച്ചിട്ടുണ്ട്. ചില കമ്പനികള്‍ പ്രവര്‍ത്തനം തന്നെ അവസാനിപ്പിച്ച മട്ടാണ്. കോടികളുടെ പരസ്യം നല്‍കി പ്രവര്‍ത്തനം ആരംഭിച്ച കമ്പനികളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിച്ച് പണം നഷ്ടമായവര്‍ കേരളത്തില്‍ ഉള്‍പ്പെടെയുണ്ട്.
ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രിപറ്റോ അക്കൗണ്ടുകളിലേയ്ക്ക് പണം കൈമാറാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. കനത്ത ഇടപാട് നികുതി ഏര്‍പ്പെടുത്തുകയും ചെയ്തതോടെ നിക്ഷേപകരും എക്സ്ചേഞ്ചുകളും പ്രതിസന്ധിയിലാണ്.
ബിനാന്‍സിന്റെ പിന്തുണയോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വാസിര്‍എക്സ് പോലുള്ള എക്സ്ചേഞ്ചുകള്‍ വിപുലൂകരണ പ്ലാനുകള്‍ നിര്‍ത്തിവെച്ചു. യുനോ കോയിന്‍, ബൈയുകോയിന്‍ എന്നിവയും സമാന രീതിയില്‍ പ്രവര്‍ത്തനം കുറച്ചു. കോയിന്‍ബേസ് ഗ്ലോബലും ക്രിപ്റ്റോഡോട്ട്കോമും രണ്ടാഴ്ചക്കുള്ളില്‍ നിരവധിപേരെ പിരിച്ചുവിട്ടു.
എന്താണ് ക്രിപ്റ്റോ കറന്‍സി?
ഡിജിറ്റല്‍ പണമാണ് ക്രിപ്‌റ്റോകറന്‍സികള്‍. അവ കാണാനോ സ്പര്‍ശിക്കാനോ കഴിയില്ലെങ്കിലും മൂല്യമുണ്ട്. എന്നാല്‍ ഇന്ത്യയിലെ റിസര്‍വ് ബാങ്ക്, യുഎസ് ഫെഡറല്‍ റിസര്‍വ് പോലെ ഒരു കേന്ദ്രീകൃത അതോറിറ്റി ഇതിനില്ല. ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാന്‍ കമ്പ്യൂട്ടര്‍ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക്ചെയിന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്.
വിവിധ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് ക്രിപ്റ്റോകറന്‍സികള്‍ വാങ്ങാനാകും. നിക്ഷേപകര്‍ക്ക് ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പുകള്‍ ഡൗണ്‍ലോഡു ചെയ്യാനാകും.
ആപ്പുകള്‍ സൈന്‍ അപ്പ് ചെയ്ത് കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് വാലറ്റിലേക്ക് പണം കൈമാറ്റി ഇഷ്ടമുള്ള കോയിനുകള്‍ വാങ്ങാം. എക്സ്ചേഞ്ച് പ്ലാറ്റ് ഫോം ഉപയോഗിച്ച് ഏതു ക്രിപ്റ്റോ കറന്‍സിയും രൂപയടക്കമുള്ള മറ്റു ഫിസിക്കല്‍ കറന്‍സികളിലേക്ക് മാറ്റാന്‍ കഴിയും.
ശതോഷി നാക്കോമോട്ടോ’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ് 2008-ല്‍ ക്രിപ്റ്റോ കറന്‍സി എന്ന ആശയം മുന്നോട്ടുവച്ചത്. ഭൗതിക രൂപമില്ലാത്ത, ക്രിപ്റ്റോഗ്രാഫി സംവിധാനം ഉപയോഗിച്ചുകൊണ്ട് ‘ഡാറ്റ മൈനിങ്ങി’ലൂടെ നിലവില്‍വന്ന ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്റ്റോ കറന്‍സികള്‍.