ദീപാവലി സന്ദേശവുമായി വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: ലോകസമാധാനത്തിനായി ക്രൈസ്തവരും ഹൈന്ദവരും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് വത്തിക്കാന്‍.

ഒക്ടോബര്‍ 24 ന് ആഘോഷിക്കുന്ന ദീപാവലിയോടനുബന്ധിച്ച് വത്തിക്കാന്റെ മതാന്തര സംവാദത്തിനായുള്ള വിഭാഗമാണ് ഹൈന്ദവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് സന്ദേശം പുറത്തിറക്കിയത്.

വിഭജിക്കപ്പെട്ട ലോകത്ത് സമാധാനത്തിനും സൗഹൃദവും കൂട്ടുത്തരവാദിത്തവും പരിപോഷിപ്പിക്കാനും ക്രൈസ്തവരും ഹൈന്ദവരും ഒരുമിച്ച് പരിശ്രമിക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കത്തിലെ ഉള്ളടക്കം. ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കര്‍ദ്ദിനാള്‍ മിഗ്വേല്‍ ഏഞ്ചല്‍ ആയുസോ ആണ് സന്ദേശത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

ഈ ദീപങ്ങളുടെ ഉത്സവം നിങ്ങളുടെയും കുടുംബത്തിന്റെയും വിവിധ സമൂഹങ്ങളുടെയും ജീവിതം ജ്വലിപ്പിക്കാനുള്ള കൃപയും സന്തോഷവും നല്‍കട്ടെ എന്ന് കത്തില്‍ ആശംസിക്കുന്നു.

സംസ്‌കൃതത്തില്‍ ദീപങ്ങളുടെ നിര എന്ന് അര്‍ത്ഥമാക്കുന്ന ദീപാവലി ആഘോഷം, തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെയാണ് പ്രതിനിധീകരിക്കുന്നത്.

മതപരവും സാംസ്‌കാരികവും വംശീയവും ഭാഷാപരവുമായ മേല്‍ക്കോയ്മകളുടെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിരിമുറുക്കങ്ങളും സംഘര്‍ഷങ്ങളും അക്രമങ്ങളും ആശങ്കാജനകമാംവിധം വര്‍ധിക്കുന്നതായി സന്ദേശത്തില്‍ പറയുന്നു.

സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം ഇത്തരം പ്രശ്നങ്ങളെ ഊതിവീര്‍പ്പിക്കുന്നു. സൗഹൃദപരവും സമാധാനപരവുമായ സഹവര്‍ത്തിത്വത്തെ അതു സാരമായി ബാധിക്കുന്നു.

ക്രൈസ്തവരും ഹൈന്ദവരും മറ്റെല്ലാ മതപാരമ്പര്യങ്ങളുമായും കൈകോര്‍ത്ത് ഒരുമിച്ച് എങ്ങനെ സഹവര്‍ത്തിത്വവും എല്ലാവരുടെയും നന്മക്കായി സഹ-ഉത്തരവാദിത്വവും പ്രോത്സാഹിപ്പിക്കാം എന്നതിനെക്കുറിച്ച് ചിന്തിക്കാം.

എല്ലാവര്‍ക്കും സമാധാനത്തോടും സന്തോഷത്തോടും കൂടി ജീവിക്കാന്‍ കഴിയുന്ന സുരക്ഷിത ഭവനമായി ഈ ലോകത്തെ മാറ്റുന്നതിനുള്ള പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കാമെന്നും സന്ദേശത്തില്‍ പറയുന്നു.

Exit mobile version