
തിരുവനന്തപുരം: വിപണിയിൽ പച്ചക്കറികൾ പൊള്ളും വില തുടരുന്നു. ചില്ലറ വിപണിയിൽ തക്കളിയുടെ വില 120ന് മുകളിലെത്തി. മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വില കൂടി. ചില്ലറ വിപണിയിൽ കിലോയ്ക്ക് 40 രൂപ വരെയാണ് കൂടിയത്. തമിഴ്നാട്ടിലെയും കർണാടകത്തിലെയും മൊത്ത വിപണിയിൽ ക്ഷാമമായതിനാൽ പച്ചക്കറി കിട്ടാനില്ലെന്ന് വ്യാപാരികൾ പറയുന്നു.
അതിനിടെ വിലക്കയറ്റം പിടിച്ചുനിർത്താൻ തമിഴ്നാട്ടിൽ നിന്ന് പച്ചക്കറി സംഭരിക്കാനുള്ള സർക്കാർ നീക്കത്തിനും തിരിച്ചടി. തമിഴ്നാട്ടിൽ പച്ചക്കറി ക്ഷാമമുണ്ടാകുമെന്ന വാദമുയർത്തി അവിടത്തെ ഇടനിലക്കാരാണ് നീക്കം അട്ടിമറിച്ചത്. ഇടനിലക്കാരുടെ സമ്മർദത്തെത്തുടർന്ന് കേരളത്തിലേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞു.
അതേസമയം സപ്ലൈക്കോ പലചരക്ക് സാധനങ്ങൾക്ക് വില കൂടിയതും ഇരുട്ടടിയായി. അരി ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടി. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് സപ്ലൈകോ സാധനങ്ങളുടെ വില കൂട്ടിയത് എന്നതും ശ്രദ്ധേയമാണ്.
പച്ചക്കറി വില നിയന്ത്രണത്തിന് ഉൾപ്പടെ വിപണിയിൽ ഇടപെടലുണ്ടാകുമെന്ന സർക്കാർ പ്രഖ്യാപനത്തിനിടെയാണ് സപ്ലൈകോ കൊള്ള എന്നതാണ് പ്രത്യേകത. ഉണക്കമുളക്, ഉഴുന്ന്, മല്ലി, ചെറുപയർ,, വൻപയർ, ഉണ്ടഅരി, കുറുവഅരി മട്ടഅരി, ജീരകം, കടുക് എന്നിവയുൾപ്പടെ ദൈനംദിന അടുക്കളയ്ക്ക് വേണ്ട സാധനങ്ങൾക്കാണ് വില വർധനവുണ്ടായത്. ഇതിൽ ഉണക്കമുളകിന് കിലോ 22 രൂപ വരെ കൂട്ടിയിട്ടുണ്ട്.
ഡിസംബർ ഒന്നിന് വില പുതുക്കി നിശ്ചയിച്ച പത്തിലേറെ സാധനങ്ങൾക്കാണ് ദിവസങ്ങൾക്കകം വീണ്ടും വില വർധിപ്പിച്ചത്. വിപണിയിലെ വിലക്കയറ്റത്തിന് ആനുപാതികമായി വില വർധനവ് ഉണ്ടായിട്ടില്ലെന്നാണ് സപ്ലൈകോയുടെ വിശദീകരണം.