
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഉപാധികളോടെ ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
അഞ്ചുലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ടുപോകരുത്, തിങ്കളാഴ്ച അന്വേഷണ ഉദ്യോസ്ഥരുടെ മുൻപാകെ ഹാജരാകണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
വിജയ് ബാബുവിനെതിരെ മതിയായ തെളിവുകൾ ഉണ്ടെങ്കിൽ അറസ്റ്റു ചെയ്യാമെന്നും എന്നാൽ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു.
കേസിലെ നടപടി ക്രമങ്ങൾ രഹസ്യമായാണു നടത്തിയത്. സർക്കാരിനു വേണ്ടി പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായി.
മാർച്ച് 16നും 22 നുമായി വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ചാണു നടി പോലീസിൽ പരാതി നൽകിയത്. പരാതിക്കാരിയായ നടിയുമായി ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണെന്ന മൊഴിയാണ് വിജയ് ബാബു ആവർത്തിച്ചത്.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പരാതിക്കാരിയായ നടിയുടെ കുടുംബം. കോടതി വിധി നിരാശാജനകമാണെന്നും നടിയുടെ പിതാവ് പ്രതികരിച്ചു.
മകൾ സിനിമാരംഗത്തെത്തിയിട്ട് നാലഞ്ചുവര്‍ഷമായി. ഇതുവരെ പേരുദോഷം കേള്‍പ്പിച്ചിട്ടില്ല. അത് അന്വേഷിച്ചാൽ മനസിലാകും. സമൂഹത്തില്‍ ഇത്തരത്തിലുള്ള ആളുകള്‍ എന്തു തോന്നിവാസം കാണിച്ചാലും, അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയായി തോന്നാന്‍ കോടതി വിധികൊണ്ട് സാധ്യതയില്ലേയെന്ന് സംശയമുണ്ട്. അടുത്ത നടപടി വക്കീലുമായി ആലോചിച്ച് ചെയ്യുമെന്നും നടിയുടെ പിതാവ് പറഞ്ഞു.