മുംബൈ: വിരാട് കോഹ്ലി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രാജിവച്ചു. മൂന്ന് മാസങ്ങൾക്ക് മുൻപ് ട്വന്റി-20, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻസിയും രാജിവയ്ക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരന്പര തോറ്റതിനു പിന്നാലെയാണ് തീരുമാനം. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായ കോഹ്ലിയുടെ പടിയിറക്കം ഇന്ത്യയ്ക്ക് നഷ്ടമാണ്.
ഇന്ത്യയ്ക്ക് ഏറ്റവുമധികം ടെസ്റ്റ് ജയം നേടിത്തന്ന ക്യാപ്റ്റനാണ് വിരാട്. നയിച്ച 68 ടെസ്റ്റുകളിൽ നാൽപതും ഇന്ത്യ വിജയിച്ചിരുന്നു.
തന്റെ ടെസ്റ്റ് ക്യാപ്റ്റനായുള്ള യാത്രയിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ആത്മാർഥമായ പരിശ്രമത്തോടെ ടീമിനെ നയിക്കാനായെന്നും കോഹ്ലി പറഞ്ഞു.
തനിക്ക് ഇത്തരത്തിലുള്ള ഒരു അവസരം നൽകിയതിന് ബിസിസിഐക്കും നൽകിയ വലിയ പിന്തുണകൾക്ക് രവി ശാസ്ത്രിക്കും ടീമിനും തന്നെ വിശ്വസിച്ച് ഈ വലിയ സ്ഥാനം ഏൽപ്പിച്ചതിന് എം.എസ്. ധോണിക്കും കോഹ്ലി നന്ദി അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചീഫ് സെലക്ടറും മറ്റു സെലക്ഷന് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചര്‍ച്ച പോലും നടത്തിയില്ലെന്നും കോലി ചൂണ്ടിക്കാണിച്ചിരുന്നു.
ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും താരം വ്യക്തമാക്കി.
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലുള്ള അതൃപ്തി കോലി പ്രകടിപ്പിച്ചത് ഇക്കാര്യത്തിലാണ്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനവും രാജിവെച്ചിരിക്കുന്നത്.