വിഎല്‍സി മീഡിയ പ്ലെയര്‍ ഇന്ത്യയില്‍ നിരോധിച്ചു

ന്യൂഡല്‍ഹി: വിഎല്‍സി മീഡിയ പ്ലെയര്‍ ഇന്ത്യയില്‍ നിരോധിച്ചുവെന്ന് റിപ്പോര്‍ട്ട്. വീഡിയോ ലാന്‍ പ്രൊജക്ട് വികസിപ്പിച്ച വിഎല്‍സിയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിഡിയോ കാണാനായി ആശ്രയിക്കുന്നത്.

രണ്ട് മാസം മുന്‍പേ തന്നെ വിഎല്‍സി മീഡിയ പ്ലെയര്‍ നിരോധിച്ചുവെന്നും എന്നാല്‍ നേരത്തെ ഇന്‍സ്റ്റോള്‍ ചെയ്തവര്‍ക്ക് പ്രശ്നമുണ്ടാകില്ലെന്നുമാണ് റിപ്പോര്‍ട്ട്.

കമ്പനിയോ കേന്ദ്ര സര്‍ക്കാരോ നിരോധനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമാണ് വിഎല്‍സി മീഡിയ പ്ലെയര്‍ എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

അതുകൊണ്ടാണ് പ്ലെയര്‍ രാജ്യത്ത് നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദീര്‍ഘകാല സൈബര്‍ ആക്രമണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സ്പാം ലോഡര്‍ വിന്യസിക്കാന്‍ സിക്കാഡ വിഎല്‍സി മീഡിയ പ്ലെയര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സുരക്ഷാ വിദഗ്ധര്‍ കണ്ടെത്തിയിരുന്നു.

നിലവിലെ നിരോധനം സോഫ്റ്റ് ബാന്‍ ആയതുകൊണ്ട് തന്നെ വിഎല്‍സി അധികൃതരോ കേന്ദ്ര സര്‍ക്കാരോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തുകയോ ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല.

മൊബൈലിലോ കംപ്യൂട്ടറിലോ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്കെല്ലാം പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. എസിടി ഫൈബര്‍നെറ്റ്, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവയുള്‍പ്പെടെ എല്ലാ പ്രധാന ഐഎസ്പികളിലും വിഎല്‍സി മീഡിയ പ്ലെയര്‍ നിരോധിച്ചിട്ടുണ്ട്. പാരിസ് ആസ്ഥാനമായുള്ള വിഡിയോലാന്‍ എന്ന സ്ഥാപനമാണ് ഇത് വികസിപ്പിച്ചെടുത്തത്.

Related Articles

Back to top button