‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ ഫീച്ചറിനുള്ള സമയപരിധി വാട്ട്‌സ്ആപ്പ് നീട്ടിയേക്കും. ഒരാള്‍ മറ്റൊരാള്‍ക്കോ ഗ്രൂപ്പിലോ അയച്ച സന്ദേശം അയാള്‍ക്കു തന്നെ ഡിലീറ്റ് ചെയ്യാന്‍ ഇപ്പോഴുള്ള സമയ പരിധി ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ്. ഈ സമയ പരിധി മൂന്നു മാസമായി വാട്ട്‌സ്ആപ്പ് നീട്ടിയേക്കും.
അതായത് ഒരാള്‍ക്ക് താന്‍ അയച്ച മെസേജ് മൂന്നു മാസത്തിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് WaBetaInfo പറയുന്നത്. ഭാവിയില്‍ ഇത്, അയച്ച മെസേജ് എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാനാവുന്ന തരത്തില്‍ മാറാന്‍ സാധ്യതയുണ്ടെന്നും പറയുന്നു.
‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ എന്ന ഫീച്ചര്‍ 2017ലാണ് വാട്സാപ് ആദ്യമായി അവതരിപ്പിച്ചത്. ആ സമയത്ത് ഇതിന്റെ പരിധി വെറും ഏഴ് മിനിറ്റായിരുന്നു. 2018ല്‍ ഈ പരിധി ഒരു മണിക്കൂര്‍, 8 മിനിറ്റ്, 16 സെക്കന്‍ഡായി ഉയര്‍ത്തി.
നിലവില്‍ ഇതു സംബന്ധിച്ച സ്ഥിരീകരണമൊന്നും വാട്സാപ്പില്‍ നിന്ന് ലഭിച്ചിട്ടില്ല. എങ്കിലും ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമയപരിധിയില്ലാതാക്കുന്ന തരത്തില്‍ ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഇതു കൂടാതെ, വാട്സാപ്പില്‍ പുതിയ ഫീച്ചറുകള്‍ കൂടി വരുന്നുണ്ട്. വാട്സാപ് ഉപയോക്താക്കള്‍ക്ക് അവരുടെ ചിത്രങ്ങള്‍ അയക്കുന്നതിന് മുമ്പ് വെബ്ബിലും മൊബൈലിലും എഡിറ്റ് ചെയ്യാനുള്ള അവസരം ലഭിക്കുകയും, ഉപയോക്താക്കള്‍ സന്ദേശം ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അവര്‍ക്ക് സ്റ്റിക്കര്‍ സൂചനകള്‍ നല്‍കുക എന്നിവയാണത്.