പരിധികളില്ലാതെ വാട്സാപ്പ് ഗ്രൂപ്പുകൾ; പുതിയ ഫീച്ചറുകൾ ആകർഷണീയം

വാട്സാപ്പ് ഗ്രൂപ്പിൽ 256 ആയിരുന്ന അംഗപരിധി 512 ആക്കിയതിന് പിന്നാലെ വീണ്ടും ഇരട്ടിപ്പിക്കാന്‍ വാട്സാപ്പ്. അംഗങ്ങളുടെ എണ്ണം നിറഞ്ഞതോടെ പുതിയ ഗ്രൂപ്പ് ആരംഭിക്കാൻ ഇനി അഡ്മിന്‍മാര്‍ മെനക്കെടേണ്ട.

പുതിയ അപ്‌ഡേഷനില്‍ ഒരു ഗ്രൂപ്പില്‍ 1024 പേരെ ചേര്‍ക്കാന്‍ കഴിയുന്ന അപ്‌ഡേഷനാണ് വാട്സാപ്പ് പരീക്ഷിക്കുന്നത്. നിലവില്‍ വാട്സപ്പ്ബീറ്റ ഉപയോക്താക്കള്‍ക്ക് ഈ അപ്‌ഡേറ്റ് ലഭിച്ചുതുടങ്ങി.

നിലവില്‍ 512 പേരെ വരെയാണ് ഒരു വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേർക്കാനാവുക. ബീറ്റ ഉപയോക്താക്കള്‍ പങ്കിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച് ഗ്രൂപ്പ് തുറക്കുമ്പോൾ ആഡ് കോണ്‍ടാക്ട് എന്ന ഓപ്ഷന് അരികിലായി ‘1024 ല്‍ 1’ എന്ന രീതിയില്‍ കോണ്‍ടാക്ടുകള് കാണാന്‍ കഴിയും.

കഴിഞ്ഞ ദിവസം വാട്സപ്പ് പ്രീമിയം ഫീച്ചര്‍ അവതരിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വാട്സപ്പ്ബീറ്റ ഉപയോക്താക്കള്‍ക്കാണ് നിലവില്‍ പ്രീമിയം ലഭ്യമായിട്ടുള്ളത്.

സേവനം ഇതുവരെ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്. ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ എല്ലാ ഫീച്ചറുകളും ഉള്ള പ്രീമിയം മെനുവില്‍ പ്രവേശനമുള്ളൂ.

വ്യൂ വണ്‍സും വാട്സപ്പ് കര്‍ശനമാക്കിയിരുന്നു. ഇനി മുതല് ഉപയോക്താക്കള്‍ക്ക് വ്യൂ വണ്‍സ് വഴി പങ്കിട്ട മീഡിയയുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയില്ല, കൂടാതെ ചിത്രങ്ങളോ മറ്റ് മീഡിയയോ ഫോര്‍വേഡ് ചെയ്യാനോ എക്സ്പോര്‍ട്ട് ചെയ്യാനോ സേവ് ചെയ്യാനോ കഴിയില്ല.

Exit mobile version