യഥാർത്ഥ കൊവിഡ് മരണങ്ങൾ ഔദ്യോഗിക കണക്കുകളുടെ ഇരട്ടിയിലേറെയെന്ന് WHO

ഇന്ത്യയിൽ 47 ലക്ഷം മരണമെന്ന് റിപ്പോർട്ട്

ലോകത്ത് കൊവിഡ് മഹാമാരി മൂലം മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കുളെക്കാൾ ഏറെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഒന്നര കോടിയോളം ആളുകൾ കൊവിഡ് മൂലം മരിച്ചതായാണ് WHO വക്താവ് അറിയിച്ചത്.

ഔദ്യോഗിക കൊവിഡ് മരണസംഖ്യയായ 60 ലക്ഷം എന്നതിനേക്കാൾ ഇരട്ടിയിലധികം പേർ കൊവിഡ് മൂലം മരിച്ചതായാണ് ലോകാരോഗ്യ സംഘടന പുതിയതായി പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.

2020 -2021 കാലയളവിൽ മഹാമാരി മൂലം ഒന്നര കോടിയോളം പേർ മരിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്.

തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് ഭൂരിഭാഗം മരണങ്ങളുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡാറ്റ ആൻഡ് അനലിറ്റിക്‌സ് വകുപ്പിന്റെ സാങ്കേതിക ഓഫീസർ വില്യം മെംബുരി ചൂണ്ടിക്കാട്ടി.

കൊവിഡ് ബാധിച്ചതിനെ തടുർന്നുള്ള മരണങ്ങളും, മഹാമാരിയുടെ അനന്തര ഫലങ്ങൾ മൂലമുള്ള മരണങ്ങളും ലോകാരോഗ്യ സംഘടന കണക്കിലെടുത്തിട്ടുണ്ട്.

പുതിയ റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന കണക്കിലെടുത്തിരിക്കുന്നത്:

  • കൊറോണവൈറസ് ബാധിച്ചത് മൂലമുള്ള മരണങ്ങൾ
  • മഹാമാരി മൂലം ആരോഗ്യ സംവിധാനം നേരിടുന്ന അധിക സമ്മർദ്ദം കാരണമുള്ള മരണങ്ങൾ
  • കൊവിഡ് രോഗികൾ കൂടിയതിനെ തുടർന്ന് ആശുപത്രികളിൽ ചികിത്സ ലഭിക്കാൻ കഴിയാതെയുള്ള മരണങ്ങൾ 

വിവിധ രാജ്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന കണക്കുകളുടെയും സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗിന്റെയും അടിസ്ഥാനത്തിലാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 

ഇന്ത്യയിൽ മരണനിരക്ക് പത്തിരട്ടി

ഇന്ത്യയിൽ മാത്രം കൊവിഡ് മൂലമുള്ള 47 ലക്ഷം മരണങ്ങളുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. ഇത് ഔദ്യോഗിക കണക്കുളെക്കാൾ പത്തിരട്ടിയാണ്. 

എന്നാൽ കൊവിഡ് മരണനിരക്ക് റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ലോകാരോഗ്യ സംഘടന പരിഗണിച്ചിരിക്കുന്ന മാനദണ്ഡങ്ങളെ ഇന്ത്യൻ സർക്കാർ വിമർശിച്ചിട്ടുണ്ട്.

കണക്കുകൾ തയ്യാറാക്കിയിരിക്കുന്ന രീതി ശരിയല്ലെന്നാണ് ഇന്ത്യയുടെ നിലപാട്.  

മഹാമാരി മൂലമുള്ള മരണനിരക്കിന്റെ 80 ശതമാനുവും 20 രാജ്യങ്ങളിലാണ്. ജനസംഖ്യയുടെ 50 ശതമാനത്തോളം ഉള്ള രാജ്യങ്ങളാണ് ഇവ.

ഇന്ത്യ, ബ്രസീൽ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഓസ്‌ട്രേലിയ ഇതിൽ ഉൾപ്പെടുന്നില്ല. 

Related Articles

Back to top button