
ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം കുതിക്കുന്നു. മൊത്തവില അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം ഏപ്രിലിൽ 15.08 ശതമാനമായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 10.74 ശതമാനം ആയിരുന്ന വിലക്കയറ്റ സൂചികയിലാണ് വൻ വർധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി മൊത്തവില സൂചിക രണ്ടക്കത്തിൽ തുടരുകയാണ്.
കഴിഞ്ഞ ഒമ്പതു വർഷത്തിനിടയിലെ ഏറ്റവും കൂടിയ വിലക്കയറ്റമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മിനറൽ ഓയിൽ, അടിസ്ഥാന ലോഹങ്ങൾ, ക്രൂഡ് പെട്രോളിയം, പ്രകൃതിവാതകം, ഭക്ഷ്യവസ്തുക്കൾ, ഭക്ഷ്യേതര വസ്തുക്കൾ, രാസവസ്തുക്കൾ എന്നിവയുടെ വിലയിലുണ്ടായ വർധനവാണ് ഉയർന്ന പണപ്പെരുപ്പ നിരക്കിന് കാരണമായിരിക്കുന്നത്.
പച്ചക്കറികൾ, ഗോതമ്പ്, പഴങ്ങൾ, ഉരുളക്കിഴങ്ങ് എന്നിവയുടെ വില മുൻവർഷത്തെ അപേക്ഷിച്ച് കുത്തനെ ഉയർന്നതിനാൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 8.35 ശതമാനമാണ്. ഇന്ധന, പവർ ബാസ്ക്കറ്റിൽ പണപ്പെരുപ്പം 38.66 ശതമാനവും ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളിലും എണ്ണ വിത്തുകളിലും യഥാക്രമം 10.85 ശതമാനവും 16.10 ശതമാനവുമാണ് പണപ്പെരുപ്പം.