സിംഗപ്പൂര്‍: ലോകത്ത് കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്നു. ചൈനയും ഇന്ത്യയും ഉള്‍പ്പെടെ നാല്‍പ്പതോളം രാജ്യങ്ങളില്‍ ഒമിക്രോണ്‍ ഉപവകഭേദമായ ജെഎന്‍ 1 ന്റെ പിടിയിലാണ്.
സിംഗപ്പൂരിലാണ് ഏറെ ഗുരുതരമായ സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നത്. 56,000 കോവിഡ് കേസുകളാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്.
ഒരാഴ്ചത്തെ കാലയളവില്‍ കോവിഡ് രോഗികളുടെ എണ്ണം 32,035 ല്‍ നിന്ന് 56,043 ആയി കുതിച്ചുയര്‍ന്നിരിക്കുകയാണ്.
ചൈനയില്‍ വെറും ഏഴ് പേര്‍ക്ക് മാത്രമാണ് ജെഎന്‍ 1 കോവിഡ് രോഗം സ്ഥിരീകരിച്ചത്. ചൈനയില്‍ കണ്ടെത്തിയ പുതിയ ജെഎന്‍ 1 വകഭേദങ്ങള്‍ക്ക് വ്യാപനത്തോത് കുറവാണെന്നാണ് ചൈനീസ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം പുതിയ ജെഎന്‍ 1 കോവിഡ് വകഭേദത്തെ കുറിച്ച് ആഗോളതലത്തില്‍ ജാഗ്രത വേണമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.
വൈറസിന്റെ രോഗതീവ്രത കുറവാണെന്നും പൊതുജനാരോഗ്യത്തിന് ഇത് വലിയ ഭീഷണി ഉയര്‍ത്തില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെയും വിലയിരുത്തല്‍.
എന്നാല്‍ അമേരിക്കയിലെ 17 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയ ജെഎന്‍ 1 കോവിഡ് വകഭേദം വളരെ ഉയര്‍ന്ന ശ്വാസകോശ അസുഖങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു.
അമേരിക്കയില്‍ കോവിഡ് രോഗ ബാധിതരില്‍ ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടി വരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അമേരിക്കയില്‍ 23,432 പേരെയാണ് കഴിഞ്ഞ ആഴ്ച ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയാണ് ഇത്തരത്തില്‍ കാല്‍ലക്ഷത്തോളം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്.