
കീവ്: ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തിനു പിന്നാലെ ലോകരാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. ഉക്രെയ്‌ന് മേല്‍ റഷ്യ ആണവായുധങ്ങള്‍ പ്രയോഗിച്ചേക്കാമെന്നാണ് സെലന്‍സ്‌കി പറഞ്ഞു.
യുക്രെയ്‌നിലെ ജനങ്ങളുടെ ജീവനെ പുട്ടിന്‍ ബഹുമാനിക്കുന്നില്ല. അതിനാല്‍ ആണവായുധങ്ങളോ രാസായുധങ്ങളോ അദ്ദേഹം പ്രയോഗിച്ചേക്കും, യുഎസ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പേടിക്കുകയല്ല, അതിനുവേണ്ടി സജ്ജരായിരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉക്രെയ്ന്‍ നടത്തിയ മിസൈല്‍ അക്രമണത്തില്‍ റഷ്യയുടെ നാവികസേന കപ്പല്‍ തകര്‍ത്തതിനുള്ള പ്രതികാരമായാകാം ഇത്തരമൊരു ക്രൂരതയ്ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തുനിയുന്നത്. എന്നാല്‍ തങ്ങളുടെ മിസൈല്‍ ആക്രമണത്തിലാണ് കപ്പല്‍ തകര്‍ന്നതെന്ന് സമ്മതിക്കാന്‍ റഷ്യ കൂട്ടാക്കുന്നുമില്ല.
കപ്പലിനു ക്ഷതം പറ്റിയെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും അത് ആക്രമണം മൂലമാണെന്നു സമ്മതിച്ചിട്ടില്ല. കപ്പലില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച് തീപിടിച്ചുവെന്നാണ് റഷ്യയുടെ വിശദീകരണമെന്നും സെലെന്‍സ്‌കി വിശദീകരച്ചു.
ഇതിനിടെ, പോളണ്ട്, ലാത്വിയ, ലിത്വാനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളിലെ പ്രസിഡന്റുമാര്‍ ഇന്നലെ ഉക്രെയ്ന്‍ യുദ്ധബാധിത മേഖലകള്‍ സന്ദര്‍ശിച്ചു. ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. രാജ്യാന്തര ക്രിമിനല്‍ കോടതി അധികൃതര്‍, റഷ്യന്‍ സേന കൂട്ടക്കൊല നടത്തിയ ബുച്ച മേഖല സന്ദര്‍ശിച്ചെന്ന് സെലെന്‍സ്‌കി പറഞ്ഞു. കിഴക്കന്‍ ഉക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്.
ബ്രയാന്‍സ്‌ക് മേഖലയിലെ ക്ലിമോവോ ഗ്രാമത്തില്‍ ഉക്രെയ്ന്‍ ആക്രമണം നടത്തിയെന്നും രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നെന്നും റഷ്യ ആരോപിച്ചു. സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോയില്‍ ചേരാന്‍ തീരുമാനിച്ചാല്‍ ആണവായുധമുള്‍പ്പെടെ പ്രതിരോധമാര്‍ഗങ്ങള്‍ ആലോചിക്കുമെന്ന് മുതിര്‍ന്ന നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ദിമിത്രി മെദ്‌വെദ്‌വ് താക്കീതു നല്‍കി. തടവുകാരായി പിടിച്ച 30 ഉക്രെയ്ന്‍കാരെ റഷ്യ മോചിപ്പിച്ചതായി ഉക്രെയ്ന്‍ ഉപപ്രധാനമന്ത്രി ഇറിന വേരെഷ്ചുക് പറഞ്ഞു.