തിരുവനന്തപുരം: കേരളത്തിൽ ഒക്‌ടോബർ 20 മുതൽ വ്യാപകമായി മഴയ്ക്ക് സാധ്യത. കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ GFS മോഡൽ പ്രവചനപ്രകാരം ഒക്‌ടോബർ 20 ന് കേരളത്തിൽ വ്യാപകമായും മലയോര ജില്ലകളിൽ അതിശക്തമായും മഴയ്ക്ക് സാധ്യതയുണ്ട്.
ബുധനാഴ്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി.
വ്യാഴാഴ്ച തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പാണ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ്. വെള്ളിയാഴ്ച കാസർഗോഡ് ഒഴികെ എല്ലാ ജില്ലകളിലും യെല്ലോ അലർട്ടുമാണ് നൽകിയിരിക്കുന്നത്.
തുലാവർഷ കണക്കിൽ കേരളത്തിന് ലഭിക്കേണ്ട 90 ശതമാനം മഴയും ലഭിച്ചു കഴിഞ്ഞു.•ഈ വർഷം ഒക്‌ടോബർ ഒന്ന് മുതൽ 19 വരെ സംസ്ഥാനത്തു 444.9 മി.മി. മഴ ലഭിച്ചു. എന്നാൽ ഈ കാലയളവിൽ ലഭിക്കേണ്ടത് 183.5 മി.മി മാത്രമാണ്.
ഏറ്റവും കൂടുതൽ മഴ കോഴിക്കോട് ജില്ലയിലും (223 ശതമാനം അധികം) ഏറ്റവും കുറവ് ആലപ്പുഴയിലും (66 ശതമാനം അധികം) രേഖപ്പെടുത്തി. തെക്ക് കിഴക്കൻ അറബിക്കടലിൽ ലക്ഷദ്വീപ് തീരത്തിനു സമീപവും, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യുനമർദ്ദങ്ങളുടെ ഫലമാണ് കേരളത്തിൽ ലഭിച്ച അധിക മഴ.
കാലാവസ്ഥാമാറ്റങ്ങൾ മുന്നിൽ കണ്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം ദുരന്തനിവാരണ വകുപ്പ് ഒക്‌ടോബർ ഏഴിന് എല്ലാ ജില്ലാ കളക്ടർമാർക്കും സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.